വയനാടിന്റെ കൃഷി പെരുമയായ് വിത്തുത്സവം
text_fieldsസാമൂഹിക കാർഷിക ജൈവവൈവിധ്യ പുരസ്കാരങ്ങൾ നേടിയവർ വിത്തുത്സവത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ
കൽപറ്റ: വയനാടിന്റെ കാര്‍ഷിക സമൃദ്ധിയുടെ നേര്‍ക്കാഴ്ചയൊരുക്കി വയനാട് വിത്തുത്സവം പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ ആരംഭിച്ചു. വിവിധയിനം നെല്ലിനങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധ ചെടികള്‍ എന്നിങ്ങനെ വയനാടിന്റെ കൃഷി പെരുമയുടെ ദൃശ്യവിരുന്നായി വിത്തുത്സവത്തിന്റെ ആദ്യദിനം മാറി. അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വര്‍ഷമായ 2023ല്‍ ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നൽകിയാണ് ഈ വര്‍ഷം വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചെറുധാന്യങ്ങളുമായി കേരളത്തിനകത്തും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രദർശന സ്റ്റാളുകൾ ശ്രദ്ധനേടി.
120ലധികം വാഴകളുടെ വൈവിധ്യം ഒരുക്കി നിഷാന്തും, 100ലധികം കിഴങ്ങ് വര്‍ഗങ്ങളുടെ വിത്ത് ശേഖരവുമായി മാനുല്‍ എള്ളുമന്ദവും, 100ഓളം കിഴങ്ങുകള്കൊണ്ട് നൂറാങ്ക് വനിതാ കാര്‍ഷിക കൂട്ടായ്മയും 150ലധികം നെല്‍വിത്ത് വൈവിധ്യം കൊണ്ട് പ്രസീതും സുനില്‍ കുമാറും ഉൾപ്പെടെ നിരവധി കർഷകരാണ് വിത്തുത്സവത്തിൽ പങ്കെടുക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മുന്‍ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്റെ നേതൃത്വത്തില്‍ സെമിനാറും ചർച്ചയും നടന്നു. വിത്തുത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാലാവസ്ഥ മാറ്റമാണ് വയനാടിന്റെ പ്രതിസന്ധിയെന്നും മാറിയ മഴയും വേനല്‍ കാലവും കൃഷിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുവയൽ രാമൻ മുഖ്യപ്രഭാഷണം നടത്തി.
അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. നാരായണന്, ഡോ. ജി.എന്‍. ഹരിഹരന്, ഡോ. ഷക്കീല തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാലന് നെല്ലാറച്ചാല്‍, അച്ചപ്പന്‍ കുട്ടോനട, അയ്യപ്പന് പിലാക്കാവ്, നൂറാങ്ക് വനിത കര്‍ഷക കൂട്ടായ്മ എന്നിവര്‍ക്കുള്ള സാമൂഹിക കാർഷിക ജൈവ വൈവിധ്യ പുരസ്കാരങ്ങൾ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ജോർജ് സി. തോമസ് സമ്മാനിച്ചു.
എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം, വയനാട് ആദിവാസി വികസന സമിതി, സീഡ് കെയർ, കിസാൻ സർവിസ് സൊസൈറ്റി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള ജൈവവൈവിധ്യ ബോർഡ്, കുടുംബശ്രീ എന്നിവർ ചേർന്നാണ് വിത്തുത്സവം നടത്തുന്നത്. ശനിയാഴ്ച സമാപിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

