Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട് മെഡിക്കൽ കോളജ്;...

വയനാട് മെഡിക്കൽ കോളജ്; കൽപറ്റയോ മാനന്തവാടിയോ? വാദപ്രതിവാദം സജീവം

text_fields
bookmark_border
വയനാട് മെഡിക്കൽ കോളജ്; കൽപറ്റയോ മാനന്തവാടിയോ? വാദപ്രതിവാദം സജീവം
cancel

കല്‍പറ്റ: നിലവിൽ മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന വയനാട് ഗവ. മെഡിക്കല്‍ കോളജ് സ്ഥിരമായി എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ വാദപ്രതിവാദങ്ങൾ സജീവം. കൽപറ്റക്കടുത്തു സൗജന്യമായി കിട്ടിയ സ്ഥലത്തു സ്ഥാപിക്കണമെന്ന് ഒരുകൂട്ടർ ആവശ്യപ്പെടുമ്പോൾ മാനന്തവാടിയിൽ തന്നെ വേണമെന്നാണ് മാനന്തവാടി നഗരസഭയടക്കം പറയുന്നത്. എന്നാൽ, തർക്കങ്ങളും ഭൂമി കണ്ടെത്താൻ വൈകുന്നതും മെഡിക്കൽ കോളജിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിൽ എത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനും ഈ ആശങ്ക പങ്കുവെച്ചിരുന്നു. അനുയോജ്യമായസ്ഥലം കണ്ടെത്തുന്നത് നീണ്ടുപോയി മെഡിക്കൽ കോളജ് നഷ്ടമാകുന്ന തരത്തിൽ സ്ഥിതിഗതി സങ്കീർണമാക്കരുതെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. കല്‍പറ്റക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന 50 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, മെഡിക്കല്‍ കോളജ് സ്ഥിരനിര്‍മാണം മാനന്തവാടിയില്‍ത്തന്നെയെന്ന് ഉറപ്പിക്കാനായി വടക്കേ വയനാട്ടിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ് കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ട മടക്കിമല. ഇവിടെ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് വിട്ടുകൊടുക്കാന്‍ സന്നദ്ധമായ ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി മാസങ്ങളായി രംഗത്തുണ്ട്. അവർ ഈയിടെ കലക്ടറേറ്റ് പടിക്കല്‍ ഉപവാസവും സംഘടിപ്പിച്ചിരുന്നു.

മാനന്തവാടി അമ്പുകുത്തിയില്‍ വനം വകുപ്പിന്റെ കൈവശമുള്ള 28 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് വിട്ടുകിട്ടുന്നതിന് കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്ത് നീക്കം നടന്നിരുന്നു. എന്നാല്‍, അമ്പുകുത്തിയിലെ ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് യോജിച്ചതല്ലെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞത്. പ്രധാന രാഷ്ട്രീയ കക്ഷികളൊന്നും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. യു.ഡി.എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി മാത്രമാണ് മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. കല്‍പറ്റ നിയോജകമണ്ഡലം എം.എല്‍.എയായ കൃഷിമന്ത്രി ടി. സിദ്ദീഖ്, ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ എന്നിവരും മെഡിക്കല്‍ കോളജ് ഭൂമി വിഷയത്തില്‍ മൗനത്തിലാണ്. മെഡിക്കല്‍ കോളജ് നിര്‍മാണം എവിടെയാകണമെന്നതില്‍ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.

2012ലെ ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് ഗവ. മെഡിക്കല്‍ കോളജിന് 14 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി കണ്ടെത്താന്‍ കഴിയാത്തത്തില്‍ ജനങ്ങള്‍ക്കിടില്‍ പ്രതിഷേധം ശക്തമാണ്. നിലവില്‍ മാനന്തവാടിയിലാണ് മെഡിക്കല്‍ കോളജ്. 2021 ഫെബ്രുവരി 12ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് മാനന്തവാടി ജില്ല ആശുപത്രി താൽക്കാലികമായി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയത്. മടക്കിമലയില്‍ ട്രസ്റ്റ് ഉപാധികളോടെ സൗജന്യമായി വിട്ടുകൊടുക്കാന്‍ തയാറായ 50 ഏക്കര്‍ കാപ്പിത്തോട്ടം മെഡിക്കല്‍ കോളജിന് ഏറ്റെടുത്ത് നേരത്തേ സര്‍ക്കാര്‍ ഉത്തരവായതാണ്. 2015 ജൂലൈ 14ന്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനവും നിർവഹിച്ചു. എന്നാല്‍, പിന്നീടുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് മടക്കിമലഭൂമി ഉപയോഗപ്പെടുത്തേണ്ടെന്നാണ് തീരുമാനിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഇതിനു കാരണമായി പറഞ്ഞത്. സ്ഥാപനത്തിന് വേറേ ഭൂമി കണ്ടെത്തുന്നതിന് ഇതിനുപിന്നാലെ തുടങ്ങിയ നീക്കങ്ങളാണ് ഇനിയും എങ്ങുമെത്താതെ നില്‍ക്കുന്നത്.

മേപ്പാടിയില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജിന് ഏറ്റവും യോജ്യം മാനന്തവാടിയാണെന്നാണ് ദിവസങ്ങള്‍ക്കുമുമ്പ് ചേര്‍ന്ന മാനന്തവാടി മുനിസിപ്പില്‍ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടത്. മെഡിക്കല്‍ കോളജിന് 25 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാന്‍ പാരിസണ്‍സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് സന്നദ്ധമാണെന്ന വിവരം മുനിസിപ്പല്‍ ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിക്കുകയുമുണ്ടായി. മാറ്റി സ്ഥാപിക്കുന്ന മുറക്ക് നഗരസഭ കാര്യാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ആവശ്യത്തിന് വിട്ടുകൊടുക്കാമെന്ന നിലപാടും മുനിസിപ്പല്‍ കൗണ്‍സില്‍ സ്വീകരിച്ചിട്ടുണ്ട്. മുമ്പ് മെഡിക്കല്‍ കോളജിന് മടക്കിമലയില്‍ വിട്ടുകൊടുത്ത ഭൂമിയുടെ നിയമപരമായ അവകാശം ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് കോടതി മുഖേന തിരിച്ചുപിടിച്ചിട്ടുണ്ട്. എങ്കിലും മെഡിക്കല്‍ കോളജിനുവേണ്ടി ഭൂമി വീണ്ടും വിട്ടുകൊടുക്കാമെന്നാണ് ട്രസ്റ്റ് പറയുന്നത്. അതേസമയം മെഡിക്കൽ കോളജ് സ്ഥിരമായി എവിടെ സ്ഥാപിക്കണമെന്ന ചർച്ചയും സ്ഥലം സംബന്ധിച്ച നടപടികളും നീണ്ടുപോയാൽ സ്ഥാപനത്തിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലാകുമോയെന്ന ആശങ്ക ഉത്തരവാദപ്പെട്ടവർ കാര്യമായി പരിഗണിക്കുന്നുമില്ല.

മെഡിക്കൽ കോളജ്‌ അട്ടിമറിക്ക്‌ മന്ത്രിയും എം.എൽ.എയും കുടപിടിക്കരുത്‌ -സി.പി.എം

മാനന്തവാടി: മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്‌ മാനന്തവാടിയിൽനിന്ന്‌ മെഡിക്കൽ കോളജ്‌ അട്ടിമറിക്കാൻ ആരോഗ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി എം.എൽ.എ ഉഷാ വിജയനും മന്ത്രി കെ. മുരളീധരനും വിഷയങ്ങൾ പഠിച്ച്‌ ഇടപെടണം. അമ്പുകുത്തിയിലെ നിക്ഷിപ്‌ത വനഭൂമി മെഡിക്കൽ കോളജിന്‌ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്‌. ഇത്‌ ഇല്ലാതാക്കരുത്‌. കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാറിന്റെ കാലത്ത്‌ അന്നത്തെ മന്ത്രി ഒ.ആർ. കേളു ഇടപെട്ട്‌ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടി പൂർത്തീകരിച്ച്‌ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന് പരിവേഷ്‌ പോർട്ടലിൽ അപേക്ഷ നൽകിയതാണ്‌. സംയുക്ത സർവേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാണ്‌ അപേക്ഷ നൽകിയത്‌. അന്നത്തെ മുഖ്യമന്ത്രിയും ആരോഗ്യം, വനം, പട്ടികവർഗ വകുപ്പ്‌ മന്ത്രിമാരും വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രത്യേകം യോഗം ചേർന്ന്‌ തീരുമാനങ്ങൾ എടുത്താണ്‌ നടപടികൾ വേഗത്തിലാക്കിയത്‌. വനം വകുപ്പിന്‌ പകരം ഭ‍ൂമി വിട്ടുനൽകി. അപേക്ഷയിൽ പിന്നീട്‌ കേന്ദ്രം ചോദിച്ച സംശയങ്ങൾ ദുരീകരിച്ചും മറുപടി നൽകി. ഭ‍ൂമി അനുവദിച്ചുള്ള കേന്ദ്രത്തിന്റെ അനുമതി കാക്കുകയാണ്‌. മറ്റുതടസ്സങ്ങളൊന്നും നിലവിലില്ലാതിരിക്കെ അമ്പുകുത്തിയിലെ നിക്ഷിപ്‌ത വനഭൂമി, റിസർവ്‌ വനമാണെന്ന്‌ ആരോഗ്യ മന്ത്രിതന്നെ തെറ്റായി പ്രചരിപ്പിക്കുകയാണ്‌. കേന്ദ്രത്തെകൊണ്ട്‌ മറിച്ചുള്ള തീരുമാനം എടുപ്പിക്കാനാണിത്‌. ആദ്യം നിയമസഭയിലും പിന്നീട്‌ സർക്കാർ പരിപാടിയിലും മാധ്യമങ്ങളോടും മന്ത്രി ഇത്‌ ആവർത്തിച്ചു. തിരുത്താൻ ഉഷാ വിജയൻ എം.എൽ.എ തയാറാകാത്തത്‌ ദുരൂഹമാണ്‌. മെഡിക്കൽ കോളജ്‌ മാനന്തവാടിയിൽനിന്ന്‌ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക്‌ മന്ത്രിയും എം.എൽ.എയും കുടപിടിക്കരുത്‌.

എൽ.ഡി.എഫ്‌ സർക്കാർ മാനന്തവാടിയിൽ മെഡിക്കൽ കോളജ്‌ അനുവദിച്ച്‌ ആശുപത്രി വികസനത്തിലും ചികിത്സ സംവിധാനങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാക്കിയതാണ്‌. ഇതിന്റെ തുടർച്ചയാണ്‌ വേണ്ടത്‌. എം.ബി.ബി.എസ്‌ ക്ലാസ്‌ ആരംഭിച്ചും സ്ഥലമെടുപ്പിന്റെ നടപടികൾ ഊർജിതമാക്കിയും മുന്നേറുമ്പോൾ നിയമസഭ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ഉഷാ വിജയനാണ്‌ അനാവശ്യ വിവാദത്തിന്‌ തുടക്കമിട്ടത്‌. യു.ഡി.എഫ്‌ അധികാരത്തിൽ വന്നാൽ മാനന്തവാടിയിൽ മെഡിക്കൽ കോളജ്‌ തുടരുമോ എന്നതിൽ ഉറപ്പുപറയാനാകില്ലെന്ന്‌ ഉഷാ വിജയൻ പറഞ്ഞതോടെയാണ്‌ മാനന്തവാടിയിലെ മെഡിക്കൽ കോളജിനെതിരെ പ്രവർത്തിക്കുന്നവർ നിലപാട്‌ ശക്തമാക്കിയത്‌. ഇവർക്ക്‌ ഊർജം പകരുന്നതായിരുന്നു ഉഷാ വിജയന്റെ നിലപാട്‌. ഇതാണിപ്പോൾ ആരോഗ്യമന്ത്രിയും ആവർത്തിക്കുന്നത്‌. നിയമസഭയിൽ എം.എൽ.എ ഉന്നയിച്ച സബ്‌മിഷനും അതിനുള്ള മന്ത്രിയുടെ മറുപടിയും ആസൂത്രിതമാണ്‌. മരണം സ്ഥിരീകരിക്കാൻപോലും മെഡിക്കൽ കോളജിൽ ഡോക്ടറില്ലെന്ന അബദ്ധജഡിലമായ സബ്‌മിഷനാണ്‌ ഉന്നയിച്ചത്‌. അടിസ്ഥാന കാര്യങ്ങൾപോലും മനസ്സിലാക്കാതെയുള്ള ഇടപെടലും ദോഷമായി. പോരായ്‌മകളുണ്ടെങ്കിൽ അത്‌ പരിഹരിക്കലാണ്‌ എം.എൽ.എയുടെ ഉത്തരവാദിത്തമെന്നും സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി വ്യക്തമാക്കി.

ആക്ഷന്‍ കമ്മിറ്റി ധര്‍ണ 17ന്

കല്‍പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി 17ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തുക, മെഡിക്കല്‍ കോളജ് വിഷയത്തില്‍ കല്‍പറ്റ എം.എല്‍.എയുമായ കൃഷി മന്ത്രി ടി. സിദ്ദീഖ്, ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ 10ന് മന്ത്രി ടി. സിദ്ദീഖിന്റെ കല്‍പറ്റ ഓഫിസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം കലക്ടറേറ്റ് പടിക്കല്‍ എത്തുന്ന മുറക്കാണ് ധര്‍ണയെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalpettaGovt Medical College Wayanadlocalnewsmananthavady newsWayanad
News Summary - Wayanad Medical College: Kalpetta or Mananthavady? The debate intensifies
Next Story