ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി
text_fieldsകൽപറ്റ: 18 ാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നോഡല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ വിലയിരുത്തി. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു മുതല്‍ മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കും. ഇതിനാവശ്യമായ സ്ക്വാഡുകള്‍ക്ക് രൂപം നല്കി.
പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍, ബാനറുകള്‍, മറ്റു പരസ്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കുന്നതിന് ഉടമകളുടെ അനുമതി വാങ്ങിയിരിക്കണം. ഹരിതചട്ടം പാലിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് രാഷ്ടീയപാര്‍ട്ടികള്‍ നടത്തേണ്ടത്. വിവിധ നോഡല്‍ ഓഫിസര്‍മാര്‍ക്ക് കീഴിലുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്കി.
തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍ദിഷ്ട മാതൃകയില്‍ രേഖപെടുത്തി യഥാസമയം കമീഷന് നല്‍കണം. പോസ്റ്ററുകള്‍, നോട്ടീസുകള്‍ എന്നിവ അച്ചടിക്കുമ്പോള്‍ പ്രസ്സിന്റെ പേര്, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. ആരാധനാലയങ്ങള്‍ പ്രചാരണവേദികളാക്കരുത്. ജാതി-മത -രാഷ്ട്രീയ സ്പര്‍ധ വളര്‍ത്തുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല. ക്രമസമാധാനപാലനത്തിന് തടസ്സമാകുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. വിവിധ സ്ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന എല്ലാ സാധന സാമഗ്രികളുടെയും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരമായിരിക്കും സ്ഥാനാർഥികളുടെ ചെലവ് കണക്കാക്കുക. സാധന സാമഗ്രികളുടെ നിരക്ക് ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റി അന്തിമമാക്കി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹ്റലി, എ.ഡി.എം കെ. ദേവകി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

