സഹികെട്ട് ഉരുൾദുരന്തബാധിതർ സമരവഴിയിൽ
text_fieldsപുനരധിവാസ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ദുരന്ത ബാധിതരുടെ കൂട്ടായ്മ നടത്തിയ ഉപവാസ സമരം
കൽപറ്റ: ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർ മാന്യമായ സർക്കാർ സഹായത്തിനായി ഏറെ കാത്തിരുന്നിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് സമരവഴിയിറങ്ങാൻ നിർബന്ധിക്കപ്പെടുകയാണ്. ദുരന്തമുണ്ടായി ഏഴു മാസമാകുമ്പോഴും പുനരധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ തിങ്കളാഴ്ച കലക്ടറേറ്റിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി.
മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡ് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ അഞ്ച് വരെയായിരുന്നു ഉപവാസം. രാവിലെ എട്ടരയോടെ പുത്തുമലയിലെ ശ്മശാന ഭൂമിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പ്രകടനമായാണ് കലക്ടറേറ്റിനു മുന്നിൽ ഉപവാസ സമരമാരംഭിച്ചത്. 100ഓളം ദുരിത ബാധിതർ പങ്കെടുത്തു. സമരം മുഹമ്മദ് ഹാനി ഉദ്ഘാടനം ചെയ്തു. ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. മൻസൂർ, കൺവീനർ ജെ.എം.ജെ മനോജ്, ട്രഷറർ എം. വിജയൻ, എ. പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഗുണഭോക്തൃ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുക, അഞ്ച് സെന്റിൽ വീട് നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 10 സെന്റിൽ കുറയാതെ ഭൂമി നൽകുക, ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക, രണ്ട് ടൗൺഷിപ്പും പെട്ടെന്ന് നടപ്പിലാക്കുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, കേന്ദ്രം പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.
ഇരു എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിലാക്കണം. ദിവസം 300 രൂപ ലഭ്യമാക്കി കൊണ്ടുള്ള സഹായം ആദ്യത്തെ മൂന്ന് മാസം മാത്രമാണ് ലഭിച്ചത്.
ഒമ്പത് മാസം കൂടി ഈ സഹായം തുടരുമെന്ന് അറിയിച്ചതല്ലാതെ തുക കിട്ടി തുടങ്ങിയില്ല. സർക്കാറിന്റെ രണ്ടാം പട്ടിക വന്നപ്പോഴും പലരും പുറത്താണ്. ജനകീയ സമിതിയും മേപ്പാടി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പുനരധിവാസം വേണ്ടവരുടെ പട്ടിക തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.
ഇത് പരിശോധിച്ച് അംഗീകരിക്കണമെന്നും വീടിന്റെ കാര്യത്തിൽ മീക്കവരും ആശങ്കയിലാണെന്നും അതിജീവിതർ പറഞ്ഞു. ഉപവാസസമരം നടത്തിയിട്ടും സർക്കാർ ഉചിതമായ നടപടിയെടുത്തിട്ടില്ലെങ്കിൽ തുടർസമരങ്ങൾ നടത്താൻ നിർബന്ധിതരാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

