ഉരുൾ ദുരന്തം: ആദരവുമായി സൈനികരുടെ സൈക്കിൾ റാലി
text_fieldsസൈക്കിൾ റാലിക്ക് ചൂരൽമലയിൽ നൽകിയ സ്വീകരണം
കൽപറ്റ: 79ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവിസ് കോറിന്റെ (ഡി.എസ്.സി) നേതൃത്വത്തിൽ സംഘടിപ്പിച്ച ഔട്ട്റീച്ച് സൈക്കിൾ റാലി ഉരുൾദുരന്ത ബാധിതർക്കുള്ള ആദരവുകൂടിയായി. കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച് മുണ്ടക്കൈ വരെ നീണ്ട സൈക്കിൾ റാലി ജില്ല കലക്ടർ ഡി.ആർ. മേഖശ്രീയും ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ല പൊലീസ്, സൈനികർ, ജില്ല സൈക്കിൾ അസോ. എന്നിവർ ഉൾപ്പെട്ട 34 പേരടങ്ങുന്ന സംഘമാണ് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് മുണ്ടക്കൈയിലേക്കുള്ള സൈക്കിൾ റാലിയിൽ പങ്കെടുത്തത്. ഉരുൾദുരന്ത സമയത്ത് ചൂരൽമലയിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന സൈനികർ അടങ്ങുന്നവരായിരുന്നു സംഘം. റാലിക്ക് ചൂരൽമലയിൽ നാട്ടുകാർ ഊഷ്മള സ്വീകരണമൊരുക്കി.
കണ്ണൂർ മിലിട്ടറി സ്റ്റേഷൻ കമാൻഡർ കേണൽ പി.എസ്. നാഗ്ര, ലഫ്റ്റനന്റ് കേണൽമാരായ എം. അരുൺ കുമാർ, ജി.ഡി. ജോഷി, മേജർ എം. പ്രകാശ്, കൽപറ്റ എൻ.സി.സി ബറ്റാലിയൻ കമാൻഡർ കേണൽ മുകുന്ദ് ഗുരുരാജ് എന്നിവരാണ് റാലിക്ക് നേതൃത്വം നൽകിയത്.
ആഗസ്റ്റ് ഒൻപതിന് കണ്ണൂരിൽനിന്നു തുടങ്ങി കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലൂടെ യാത്ര ചെയ്ത റാലി സംഘം 1000ലധികം വിരമിച്ച സൈനികരുമായും യുദ്ധങ്ങളിൽ വീരമൃത്യുവരിച്ചവരുൾപ്പെടെയുള്ള സൈനികരുടെ ബന്ധുക്കളുമായും സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

