കാന്‍സര്‍ കെയര്‍ വയനാടും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുമായി ജില്ല പഞ്ചായത്ത്
text_fieldsജില്ല പഞ്ചായത്ത് വികസന സെമിനാറിൽ പ്രസിഡന്റ് സംഷാദ് മരക്കാര്‍ സംസാരിക്കുന്നു
കൽപറ്റ: കാന്‍സര്‍ കെയര്‍ വയനാട്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് തുടങ്ങിയ വേറിട്ടതും ദിശാബോധം പകരുന്നതുമായ പദ്ധതികളൊരുക്കി ജില്ല പഞ്ചായത്ത്. ഇതടക്കം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2022 -23 വര്‍ഷം വിവിധ മേഖലകളിലായി 30.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ രൂപരേഖയായി.
കാന്‍സര്‍ കെയര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമബ്ലോക്ക് നഗരസഭകളമായി സഹകരിച്ച് സര്‍വേ നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ല ആസൂത്രണ ഭവനില്‍ പതിനാലാം പഞ്ചവത്സര പദ്ധതി കരട് ജില്ല പഞ്ചായത്ത് വികസന സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ ചികില്‍സക്കായി ആധുനിക സൗകര്യമൊരുക്കുന്നതിനുളള നടപടികളും പദ്ധതിയിലുണ്ടാകും. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ കാര്‍ബണ്‍ നൂട്രല്‍ വയനാടി പദ്ധതിയില്‍ വിശദമായ പഠനം നടത്തും. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 137 പദ്ധതികളാണ് രണ്ടാം ഘട്ടം വാര്‍ഷിക പദ്ധതികളായി സെമിനാറില്‍ അവതരിപ്പിച്ചത്. ഒന്നാം ഘട്ടത്തില്‍ സ്പില്‍ ഓവര്‍ ഉള്‍പ്പെടെ 28.57 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി നെല്‍കൃഷിക്ക് സബ്സിഡി നല്‍കാനും ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ സബ്സിഡി നല്‍കാനും നിര്‍ദേശമുണ്ട്. ജില്ലയില്‍ വെറ്ററിനറി മേഖലയില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന് ഹൈടെക് ലബോറട്ടറി സൗകര്യം സ്ഥാപിക്കാനും മണ്ണറിഞ്ഞ് കൃഷിയിറക്കുന്നതിനായി കൂടുതല്‍ മണ്ണ് പരിശോധന ഉപകരണങ്ങള്‍ വാങ്ങാനും പദ്ധതിയുണ്ട്.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കാന്‍ സെമിനാര്‍ നിര്‍ദ്ദേശിച്ചു. എല്ലാ വിദ്യാലയങ്ങളിലും ഇന്ററാക്ടീവ് പാനല്‍ ബോര്‍ഡ് ഉള്‍പ്പെടയുളള മാതൃക സ്മാര്‍ട്ട് റൂം ഒരുക്കാനും പെണ്‍കുട്ടികള്‍ക്കായി എല്ലാ സ്‌കൂളുകളിലും റെസ്റ്റ് റൂം ഒരുക്കാനും പദ്ധതിയുണ്ട്.
എല്ലാ വിദ്യാലയങ്ങളിലും വായനാ സൗകര്യത്തോടെയുള്ള ലൈബ്രറികളും ഓണ്‍ലൈന്‍ വായനയും സാധ്യമാക്കും. വിജയശതമാനം ഉയര്‍ത്തുന്നതിന് അക്കാദമിക് തലത്തില്‍ വരുത്താന്‍ പറ്റുന്ന മാറ്റങ്ങള്‍ ആസൂത്രണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി വണ്‍ ഗെയിം വണ്‍ സ്‌കൂള്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും.
ചടങ്ങില്‍ കരട് വികസന രേഖ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബിക്ക് നല്‍കി പ്രകാശനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനജോസ് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്ററിന് നല്‍കി പ്രകാശനം ചെയ്തു. കരട് വികസന രേഖ, കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി അവതരിപ്പിച്ചു. ജോസഫ് ചക്കാലക്കലിന്റെ വയനാടന്‍ ഗ്രാമങ്ങളുടെ ചരിത്ര പശ്ചാത്തലം എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. മംഗലശ്ശേരി നാരായണന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുന്‍ വാര്‍ഷിക പദ്ധതി നിർവഹണ പുരോഗതി ജില്ലാ പഞ്ചായത്ത് എ.ഒ വി. അലി അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി, ജില്ലാാ പഞ്ചായത്തംഗം സുരേഷ് താളൂര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ സംസാരിച്ചു.