വയനാട് ജില്ലവികസന സമിതി യോഗം; ഉപയോഗിക്കാത്ത കെട്ടിടങ്ങളുടെ വിവരം നല്കാൻ നിർദേശം
text_fieldsആസൂത്രണ ഭവൻ എ.പി.ജെ. ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗം
കൽപറ്റ: ജില്ലയില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നിർമിച്ച ഇതുവരെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ ജില്ല കലക്ടര്‍ ഡോ. രേണുരാജ് ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്കി.
ജില്ലയില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ലക്ഷങ്ങള്‍ മുടക്കി നിർമിച്ച ക്വാര്‍ട്ടേഴ്സുകള്‍, ഓഫിസ് കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവ ഉപയോഗിക്കാതെയും ഉപയോഗിക്കുന്നവ യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനെ തുടര്‍ന്ന് ഉപയോഗ ശൂന്യമാകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചില കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗത്തില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും സാങ്കേതിക കാരണങ്ങളാലോ മറ്റോ ഉദ്ഘാടനം ചെയ്യാത്ത കെട്ടിടങ്ങള്‍ വലിയ ബാധ്യതയാണ് സര്ക്കാറിനുണ്ടാക്കുന്നത്.
ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും മുന്‍ഗണന നല്‍കണമെന്ന് ജില്ല വികസന സമിതി ആവശ്യപ്പെട്ടു. പല വകുപ്പുകളും പദ്ധതികള്‍ക്കായി പണം ചെലവഴിച്ചത് കുറഞ്ഞ തോതിലാണ്. സര്‍ക്കാര്‍ ജില്ലക്കനുവദിച്ച ഫണ്ടുകള്‍ ലാപ്സാകാതെ ജില്ലയില്‍ തന്നെ വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റുന്ന വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ജനവാസ മേഖലയിലിറങ്ങി ഭീതി വിതക്കുന്ന കടുവയെ കൂട് വെച്ച് പിടിക്കുന്നതിനുള്ള ഉത്തരവ് നല്‍കുന്നതിനുള്ള അധികാരം ജില്ലയിലെ വനം നോഡല്‍ ഓഫിസര്‍ക്ക് നല്കാന് നടപടികള്‍ സ്വീകരിച്ചു വരുന്നു. മഞ്ഞക്കൊന്ന നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി പുരോഗമിക്കുകയാണ്. വയനാട് ഡിവിഷനിലെ നാല് റേഞ്ചുകളിലായി 1,49,388 തൈകള്‍ നിര്‍മാര്‍ജനം ചെയ്തു. ജില്ലയില്‍ നീതി ആയോഗിന്റെ ആസ്പിരേഷനല്‍ ബ്ലോക്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് ഡെവലപ്മെന്റ് സ്ട്രാറ്റജി പൂര്‍ത്തിയായി. വാഹന അപര്യാപ്തത ഉള്‍പ്പടെയുള്ള കാരണങ്ങള്‍ക്കൊണ്ട് സ്കൂളില്‍ ഹാജാരാകാത്ത ഗോത്ര വിദ്യാർഥികളുടെ വിവരങ്ങളും ഇവരെ സ്കൂളിലേക്ക് എത്തിക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു. അമ്പലവയല്‍ റസ്റ്റ് ഹൗസ് പരിസരത്തുണ്ടാകുന്ന റോഡ് അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടന്നതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു. ഒളിമ്പ്യന്‍ ടി. ഗോപിക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാന്നെണ് എ.ഡി.എം. എന്‍.ഐ. ഷാജു പറഞ്ഞു. യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ ഷാജു, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

