വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണം
text_fieldsസർഗാത്മക ചിത്രം
കൽപറ്റ: നിയമസഭ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വോട്ടര്‍മാര്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പോളിങ് ബൂത്തില്‍ എത്തിയാല്‍ ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് കൈമാറും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന്‍ സ്ലിപ് കൈമാറി വിരലിലെ മഷിയടയാളം പരിശോധിക്കും.
വോട്ടര്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്നതോടെ ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥന്‍ യന്ത്രം പ്രവര്‍ത്തനസജ്ജമാക്കും. ബാലറ്റ് യൂനിറ്റില്‍ തെളിയുന്ന റെഡി സൂചന വോട്ട് രേഖപ്പെടുത്താന്‍ സജ്ജമാണെന്നതാണ് അറിയിക്കുക. തുടര്‍ന്ന് വോട്ടര്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തണം. ബട്ടണ്‍ അമര്‍ത്തുന്നയുടന്‍ അതുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭാഗത്ത് ലൈറ്റ് തെളിയുന്നത് വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമാണ്. അതോടൊപ്പം വിവിപാറ്റ് സംവിധാനത്തില്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട ബാലറ്റ് സ്ലിപ് പ്രിന്റ് ചെയ്ത് കുറച്ചുനേരം ദൃശ്യമാകും. ഇതുവഴി രേഖപ്പെടുത്തിയ വോട്ട് ശരിയാണോയെന്ന് പരിശോധിക്കാന്‍ സാധിക്കും.
സ്ലിപ് ദൃശ്യമാകാതിരിക്കുകയോ ശബ്ദസൂചന ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഉടന്‍ ബൂത്തിലെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തണം. പ്രിന്റ് ചെയ്യുന്ന സ്ലിപ് യന്ത്രത്തിനുള്ളില്‍ തന്നെ സൂക്ഷിക്കപ്പെടുന്നതായിരിക്കും.
അവസാനം കൺട്രോള്‍ യൂനിറ്റില്‍ നിന്നുള്ള ശബ്ദസൂചന ലഭിക്കുന്നതോടെ വോട്ട് രേഖപ്പെടുത്തല്‍ നടപടി പൂര്‍ത്തിയായതായി സ്ഥിരീകരിക്കും.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറുവരെ വോട്ട് ചെയ്യാം. വോട്ടെടുപ്പിനിടെ മൊബൈല്‍ ഫോണ്‍ ബൂത്തിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനമൊരുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

