ബന്ധങ്ങളുടെ വിലയറിയാന്‍ സന്നദ്ധസേവനം; രക്ഷിതാക്കൾക്കും മകനും അപൂർവ ശിക്ഷ വിധിച്ച് സബ് കലക്ടർ
text_fieldsimage courtesy: shutterstock.com
കൽപറ്റ: കുടുംബബന്ധങ്ങളുടെ വില മനസ്സിലാക്കാന്‍ പരാതിക്കാരായ മാതാപിതാക്കളെയും എതിര്‍കക്ഷിയായ മകനെയും സന്നദ്ധ സേവനത്തിന് ശിക്ഷിച്ചു. കാര്യമ്പാടി മണല്‍വയല്‍ വീട്ടില്‍ അബ്ദുൽ കരീം, ഭാര്യ മെഹര്‍ബാന്‍, ഇളയമകനായ സലാഹുദ്ദീന്‍ എന്നിവർക്കാണ് മെയിൻറനന്‍സ് ട്രൈബ്യൂണല്‍ ചെയര്‍മാനായ സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അപൂര്‍വമായ ശിക്ഷ വിധിച്ചത്.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമം ദുരുപയോഗം ചെയ്തതിനാണ് നടപടി. രക്ഷിതാക്കള്‍ ഒരാഴ്ച കണിയാമ്പറ്റയിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലും എതിര്‍ കക്ഷിയായ മകന്‍ ഗവ. ഓള്‍ഡ് ഏജ് ഹോമിലും താമസിച്ച് സന്നദ്ധ സേവനം ചെയ്യണം. ഇരുകക്ഷികളെയും ട്രൈബ്യൂണല്‍ നേരില്‍ കേട്ടതില്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കം മാത്രമാണ് ഇവര്‍ തമ്മിലുള്ളതെന്ന് ബോധ്യപ്പെട്ടു.
നിരവധി തവണ ഔദ്യോഗിക -അനൗദ്യോഗിക തലങ്ങളില്‍ പരാതി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഒരു വിട്ടുവീഴ്ചക്കും ഇരുകക്ഷികളും തയാറാവാതെ ട്രൈബ്യൂണലില്‍ വീണ്ടും ഇവര്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിഹരിക്കുന്നതിന് ഇരുകക്ഷികളും തയാറാവുകയില്ലെന്നും വ്യവഹാരങ്ങള്‍ തുടരുകയാണെന്നും ട്രൈബ്യൂണലിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.