ഉജ്ജ്വല ബാല്യം പുരസ്‌കാരം; ഉരുൾദുരന്തത്തിൽ പിതൃമാതാവിന്റെ ജീവന്‍ രക്ഷിച്ച മുഹമ്മദ് ഹാനിക്കും പുരസ്‌കാരം
text_fieldsപുരസ്കാരത്തിന് അർഹരായ മുഹമ്മദ് ഹാനി, ജുവാന്‍ ക്രിസ്റ്റോ ഷിജു, ആൻമരിയ ഷിജു
കൽപറ്റ: വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിത ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജുവാന്‍ ക്രിസ്റ്റോ ഷിജു, കെ. മുഹമ്മദ് ഹാനി, ആന്മരിയ ഷിജു എന്നിവര്‍ അര്‍ഹരായി. കലാ-കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി കൂടി ഉള്‍പ്പെടുത്തിയുമാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നത്.
ആറു മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഗണിതശാസ്ത്രത്തിൽ പൈയുടെ മൂല്യം 518 ൽ അധികം അക്കങ്ങളിൽ തെറ്റ് കൂടാതെ ഏഴ് മിനുട്ട് 22 സെക്കന്‍ഡ് കൊണ്ട് പറഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡും 118 മൂലകങ്ങൾ ഒരു മിനുട്ട് 25 സെക്കന്‍ഡില്‍ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ജേതാവുമായ ജുവാന്‍ ക്രിസ്റ്റോ ഷിജുവാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
12 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ അസാമാന്യ ധൈര്യത്തിലൂടെ പിതൃമാതാവിന്റെ ജീവന്‍ രക്ഷിച്ച കെ. മുഹമ്മദ് ഹാനി ഉജ്ജ്വല ബാല്യം പുരസ്‌കാരം കരസ്ഥമാക്കി. ഭിന്നശേഷി വിഭാഗത്തില്‍ ശാസ്‌ത്രോത്സവം വിജയി ആൻമരിയ ഷിജുവും പുരസ്‌കാരം നേടി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലതലത്തില്‍ ജില്ല കലക്ടര്‍ അധ്യക്ഷയായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

