വയനാട്ടിൽ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യം; മന്ത്രി ഒ.ആർ. കേളുവിന്റെ മാനന്തവാടി മണ്ഡലത്തിലും യു.ഡി.എഫ് മേൽക്കൈ
text_fieldsകൽപറ്റ: വയനാട്ടിൽ ആകെയുള്ള മൂന്ന് നിയമസഭ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ട് നില പരിഗണിക്കുമ്പോൾ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫിന് വൻ മുന്നേറ്റമാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റ, സുൽത്താൻ ബത്തേരി മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പവും മാനന്തവാടി എൽ.ഡി.എഫിനൊപ്പവുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപറ്റ മുനിസിപ്പാലിറ്റി യു.ഡി.എഫിന് നഷ്ടപ്പെട്ടെങ്കിലും മണ്ഡല പരിധിയിലെ 10 പഞ്ചായത്തുകളിൽ എട്ടിലും അവർക്കാണ് ആധിപത്യം. നിയോജക മണ്ഡലം പരിധിയിൽ ആകെയുള്ള 173 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സ്വതന്ത്രരടക്കം 107 സ്ഥലത്ത് യു.ഡി.എഫ് ജയിച്ചുകയറി. എൽ.ഡി.എഫിനാകട്ടെ സ്വതന്ത്രരടക്കം 61 ഇടങ്ങളിൽ മാത്രമാണ് വിജയം. മണ്ഡല പരിധിയിലെ മുട്ടിൽ, മൂപ്പൈനാട് പഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. അതേസമയം, കൽപറ്റ നഗരസഭയിൽ 17 വാർഡുകളിലും എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫിന്റെ വിജയം 11 ഇടങ്ങളിലായി ചുരുങ്ങി.
കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ട്. ആകെയുള്ള 16 ഡിവിഷനുകളിൽ 14 ഇടത്തും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. കൽപറ്റ നിയോജക മണ്ഡലം പരിധിയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ഒന്നിൽപോലും എൽ.ഡി.എഫിന് വിജയിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
മന്ത്രി ഒ.ആർ. കേളുവിന്റെ മാനന്തവാടി നിയോജക മണ്ഡലത്തിലും യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ട്. മണ്ഡലത്തിലെ തിരുനെല്ലി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ആധിപത്യമാണ്. പഞ്ചായത്തിലെ 89 വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ 34 ഇടത്ത് മാത്രമാണ് എൽ.ഡി.എഫ് വിജയം. തൊണ്ടർനാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. മാനന്തവാടി നഗരസഭയിൽ 22 സീറ്റുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. എൽ.ഡി.എഫ് 15 സീറ്റിലൊതുങ്ങി. 1120 വോട്ടിന്റെ മേൽക്കൈ മാനന്തവാടി നഗരസഭയിൽ മാത്രം യു.ഡി.എഫ് നേടിയിട്ടുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുക്കാനായതും മുന്നണിക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ആകെയുള്ള 14 ഡിവിഷനുകളിൽ 10ലും യു.ഡി.എഫ് സ്ഥാനാർഥികൾക്കാണ് ജയം.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫ് മുന്നേറ്റത്തിൽ ചെറിയൊരു കുറവുണ്ടായത്. എന്നാൽ, 10 വർഷമായി ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തത് യു.ഡി.എഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ കരുത്തായി മാറും. അവിടെ 19 സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ എൽ.ഡി.എഫ് 14 സീറ്റിലൊതുങ്ങി. മണ്ഡല പരിധിയിലെ ഏഴു പഞ്ചായത്തുകളിൽനിന്നുള്ള 74 വാർഡുകളും യു.ഡി.എഫ് കൈക്കലാക്കിയപ്പോൾ എൽ.ഡി.എഫിന് 53 വാർഡുകളാണ് ലഭിച്ചത്. ജില്ല പഞ്ചായത്ത് ഡിവിഷനിൽ ഒന്നിൽ മാത്രമാണ് എൽ.ഡി.എഫിന് ഈ മണ്ഡലത്തിൽ ജയിക്കാനായത്. അടുത്ത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിന് അനായാസം ജയിച്ചു കയറാനാകുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

