"എന്റെ കേരളം' മേള കഴിഞ്ഞ് രണ്ടാഴ്ച; മാലിന്യം നീക്കാൻ നടപടിയില്ല
text_fieldsഎന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചുള്ള മാലിന്യം നീക്കം ചെയ്യാതെ
സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ട നിലയിൽ
കല്പറ്റ: മാലിന്യ നിക്ഷേപത്തിനെതിരേയും നിരോധിത പ്ലാസ്റ്റിക് മാലിന്യ ഉപയോഗത്തിനെതിരേയും കർശന നടപടി സ്വീകരിക്കുന്ന ഭരണകൂടം നാലാം സർക്കാർ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മാലിന്യ കൂമ്പാരത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നു. ലക്ഷങ്ങള്‍ ചെലഴിച്ച് എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 22 മുതല്‍ 28 വരെ നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഭക്ഷണാവശിഷ്ടങ്ങളും നിരോധിത പ്ലാസ്റ്റിക്കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങൾ രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാതെ സ്കൂള്‍ ഗ്രൗണ്ടിനുള്ളില്‍ റോഡിനോട് ചേര്‍ന്ന ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്.
മാലിന്യ ചാക്കുകൾ നായ്ക്കളും മറ്റും കൂട്ടത്തോടെ ഇവിടെയെത്തി കടിച്ചു കീറുന്നത് പതിവ് കാഴ്ചയാണ്. നിലവില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ചിതറിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തുന്ന കായിക താരങ്ങള്‍ക്കും ഫുട്പാത്തിലൂടെ സഞ്ചരിക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാവുകയാണ് ഈ മാലിന്യം. ലക്ഷങ്ങള്‍ മുടക്കി നടത്തിയ പരിപാടിയുടെ മൊത്തം മാലിന്യം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള് പിടിച്ചെടുക്കാന്‍ കടകളില്‍ കയറിയിറങ്ങുന്ന ഉദ്യോഗസ്ഥര്‍ എന്റെ കേരളം പരിപാടിയിലെ നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം കണ്ടിട്ടില്ലെന്ന് നടിക്കുകയാണെന്ന് കായിക പരിശീലനത്തിനെത്തുന്നവർ പറയുന്നു.
കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഭൂരിഭാഗവും നിരോധിച്ചവയാണ്. ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നല്‍ പരിശോധന പലയിടത്തും നടക്കുമ്പോഴും എന്റെ കേരളം മേളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ നടത്തിയ നിയമലംഘനങ്ങള്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെട്ടില്ല. പരിപാടിയുടെ ഭാഗമായി സ്കൂള്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായി സ്ഥാപിച്ച താല്‍ക്കാലിക ശൗചാലയങ്ങള്ക്കായെടുത്ത കുഴി മണ്ണിട്ടു മൂടാനുള്ള നടപടിയും അധികൃതര്‍ ഇതുവരെ സ്വീകരിച്ചില്ല. ചളിക്കുളമായി കിടന്ന ഗ്രൗണ്ട് കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് ശരിയാക്കിയെങ്കിലും തുറന്നിട്ട ശൗചാലയങ്ങളില്‍ മണ്ണിട്ട് മൂടാനുള്ള നടപടി ഉണ്ടായില്ല. ശക്തമായ മഴ പെയ്താല്‍ മാലിന്യങ്ങള്‍ ഗ്രൗണ്ടിലേക്ക് ഒഴുകി പടരാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

