ചുരത്തിലെ ഗതാഗതക്കുരുക്ക്; ബദൽ പാത യാഥാർഥ്യമാക്കണമെന്നആവശ്യം ശക്തമാകുന്നു
text_fieldsകൽപറ്റ: ചുരത്തില്‍ കഴിഞ്ഞദിവസം മണിക്കൂറുകളോളമുണ്ടായ ഗതാഗതക്കുരുക്ക് വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ബദല്‍ പാത യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു.
നിലവിൽ വയനാടിനെ ചുരം ഒഴിവാക്കി കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പാതയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നും യാഥാര്‍ഥ്യമായിട്ടില്ല.
ചുരത്തിനു ബദലായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍ പാതകളുടെ നിര്‍ദേശമാണ് നേരത്തേ ഉയര്‍ന്നത്. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ രണ്ട് ബദല്‍ പാതകളായ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി എന്നിവ പ്രഖ്യാപിച്ചിരുന്നു. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് രണ്ടു പതിറ്റാണ്ടിലധികമായി ചര്‍ച്ചാവിഷയമാണ്. എന്നാൽ, ഒന്നും നടപ്പായില്ലെന്നു മാത്രമല്ല യാത്രക്കാർ ദുരിതത്തിലാവുന്ന സംഭവം തുടരുകയും ചെയ്യുന്നു.
ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിവേദനം നൽകി.
ഈ വിഷയം ഉന്നയിച്ച് രാഹുൽ ഗാന്ധി എം.പിക്കും നിവേദനം നൽകി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ മുന്നിൽ പ്രസ്തുത വിഷയം ഉന്നയിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകി. ദിവസേന ശരാശരി 20,000 മുതൽ 30,000 വരെ വാഹനങ്ങളാണ് ചുരം റോഡിലൂടെ കടന്നുപോകുന്നത് എന്നാണ് ഔദ്യോഗിക കണക്ക്.
കേരളത്തിനകത്തും പുറത്തു നിന്നുമായി പതിനായിരക്കണക്കിന് ആളുകളാണ് വയനാട് കാണാൻ ദിനംപ്രതി ഇവിടെ എത്തുന്നത്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടേക്കെത്തുന്ന സഞ്ചാരികളെയും മറ്റു യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്ന അവസ്ഥയാണ്.
റെയിൽവേ സ്റ്റേഷൻ, കരിപ്പൂർ എയർപോർട്ട്, കോഴിക്കോട് മെഡിക്കൽ കോളജ്, മറ്റു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് എത്താനും ഈ ചുരം പാതയാണ് വയനാട്ടുകാരുടെ ഏക ആശ്രയം. ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകളോളമാണ് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സ്വഭാവമുള്ള അവശ്യ സർവിസുകൾ കുരുക്കിൽ തളക്കപ്പെടുന്നത്.
വർഷങ്ങൾക്കു മുമ്പ് വലിയ ചരക്കു വാഹനങ്ങളുടെ യാത്രക്ക് ചുരത്തിൽ സമയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അധികൃതരുടെ അലംഭാവം കാരണം തുടക്കത്തിൽ തന്നെ പാളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

