ഇന്ന് മനുഷ്യാവകാശ ദിനം; ഇനിയും അവസാനിക്കാതെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ പോരാട്ടം
text_fieldsകലക്ടറേറ്റിന് മുന്നിലെ സമരപ്പന്തലിൽ ജയിംസും കുടുംബവും
കൽപറ്റ: കേരളത്തെ ആവേശത്തിലാഴ്ത്തി തെരഞ്ഞെടുപ്പ് മേളം കൊട്ടിക്കയറുമ്പോഴും നീതിയുടെ വാതിൽ കൊട്ടിയടക്കപ്പെട്ടതു കാരണം വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തലില്‍ ഉള്ളുരുകി കഴിയുന്ന ഒരു മനുഷ്യനെ പലരും കാണാതെ പോകുന്നു. വില കൊടുത്തു വാങ്ങിയ ഭൂമിയും അന്തിയുറങ്ങാൻ അതിലൊരു വീടും ഉണ്ടായിരുന്നിട്ടും അഗതികളേക്കാള്‍ കഷ്ടതയില്‍ ജീവിച്ച് അവസാനം അനാഥാലയത്തിൽ ജീവിതയാത്ര അവസാനിപ്പിക്കേണ്ടിവന്ന കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മരുമകന്‍ തൊട്ടിൽപാലം കട്ടക്കയം ജയിംസും കുടുംബവും അർഹതപ്പെട്ട ഭൂമി തിരിച്ചുകിട്ടാൻ ഒരു പതിറ്റാണ്ടിലധികമായി സമരപ്പന്തലിലാണ് അന്തിയുറക്കം.
അനുകൂല വിധിയെഴുതിയിട്ടും, 49 വർഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ 12 ഏക്കർ ഭൂമി കുടുംബത്തിന് ഇനിയും തിരികെ ലഭിച്ചിട്ടില്ല. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത് വനമായി വിജ്ഞാപനം ചെയ്ത സ്വന്തം കൃഷിയിടം തിരികെ ലഭിക്കുന്നതിനാണ് 2015 ആഗസ്റ്റ് 15ന് വയനാട് കലക്ടറേറ്റ് പടിക്കല്‍ കുടുംബത്തിന്റെ സമരത്തിന് തുടക്കമിട്ടത്. വിഷയത്തിൽ രണ്ടു വർഷം മുമ്പ് മനുഷ്യാവകാശ കമീഷൻ നൽകിയ ഉത്തരവിൽ പോലും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാറും തയാറായിട്ടില്ല. വനം ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും തികഞ്ഞ അനീതിയാണ് ഇക്കാര്യത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന് നേരിടേണ്ടി വന്നതെന്നും ബോധ്യപ്പെട്ടതായി ഉത്തരവിലുണ്ട്.
കുടുംബത്തിന് നീതി ലഭ്യമാക്കാൻ ആവശ്യമായ നടപടി ചീഫ് സെക്രട്ടറി സ്വീകരിക്കേണ്ടതാണെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങി രണ്ടുവർഷവും നാലു മാസവും പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. 1967ൽ കുട്ടനാടൻ കാർഡമം കമ്പനിയിൽനിന്ന് കാഞ്ഞിരത്തിനാൽ ജോർജ്, സഹോദരൻ ജോസ് എന്നിവർ വിലക്കുവാങ്ങിയ 12 ഏക്കർ ഭൂമി 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്) നിയമം ഉപയോഗപ്പെടുത്തിയാണ് 1976ൽ വനംവകുപ്പ് പിടിച്ചെടുത്തത്. ഇതിനെതിരെ നൽകിയ ഹരജിയിൽ 75 സെന്റ് ഒഴികെയുള്ളത് വനഭൂമിയാണെന്ന് 1985ൽ കോഴിക്കോട് വനം ട്രൈബ്യൂണൽ വിധിച്ചു. ഈ വിധിക്കെതിരെയാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ പോരാട്ടം. ഇതിനിടയിൽ കലക്ടറും ഭരണകൂടവും വിവിധ വകുപ്പുകളും കുടുംബത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടും രാഷ്ട്രീയ, സാമൂഹിക സംഘടനകൾ ഉൾപ്പെടെ സമരത്തിനിറങ്ങിയിട്ടും കുടുംബത്തിന് ഭൂമി മാത്രം തിരികെ ലഭിച്ചില്ല.
നിക്ഷിപ്ത വനഭൂമിയായി ഏറ്റെടുക്കേണ്ട മറ്റൊരു ഭൂമിക്കുപകരം വനംവകുപ്പ് അനധികൃതമായി കാഞ്ഞിരത്തിനാല്‍ സഹോദരന്മാരുടെ ഭൂമി ഏറ്റെടുക്കുകയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. സബ്കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ഇക്കാര്യം ബോധ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കലക്ടർ ഡി.ആർ. മേഘശ്രീ കഴിഞ്ഞ മേയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാൻഡ് റവന്യൂ കമീഷണർക്കും റിപ്പോർട്ട് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജില്ല കലക്ടർ സ്ഥലത്തിന്റെ രേഖകൾ, സ്കെച്ച്, നോട്ടിഫിക്കേഷൻ മുതലായവ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വനം വകുപ്പ് ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

