സ്വന്തം ഭൂമിയിൽ വീടുപോലും നിർമിക്കാൻ അനുമതിയില്ല
text_fieldsrepresentational image
കൽപറ്റ: നിയമപരമായി വാങ്ങിയ എല്ലാ രേഖകളോടെയുമുള്ള സ്ഥലത്ത് സ്വന്തമായി വീട് വെക്കാനോ മറ്റു കെട്ടിടങ്ങൾ നിർമിക്കാനോ അനുമതി ലഭിക്കാത്തത് സ്ഥലത്തിന്റെ ഉടമകളായ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. അമ്പലവയൽ, തോമാട്ടുചാൽ വില്ലേജുകളിൽ താമസിക്കുന്ന 500ലധികം കുടുംബങ്ങളാണ് സ്ഥലം തോട്ടം ഭൂമിയായി രേഖപ്പെടുത്തിയതിനാലുള്ള നിയന്ത്രണങ്ങളിൽ വലയുന്നത്.
എസ്റ്റേറ്റ് ഭൂമി അല്ലാതിരുന്നിട്ടും സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ തോട്ടം ഭൂമിയായി രേഖപ്പെടുത്തിയതിനാൽ സ്ഥലം വിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വില്ലേജുകളിൽ തണ്ടപ്പേർ അടിസ്ഥാനത്തിൽ മൊത്തം ഭൂരേഖകൾ കമ്പ്യൂട്ടറൈസ്ഡ് ചെയ്തപ്പോഴാണ് മൊത്തം വസ്തുക്കളും തോട്ടം എന്ന് രേഖപ്പെടുത്തിയതെന്നും ഇതിനുശേഷം നികുതി സ്വീകരിക്കുന്നതും തോട്ടം ഭൂമിയെന്ന പേരിലാണെന്നും ഇത് തിരുത്തുന്നതിനാവശ്യമായ നടപടി സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അമ്പലവയൽ മഞ്ഞപ്പാറ എസ്റ്റേറ്റ് കൈവശ കർഷക സംരക്ഷണ സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാലങ്ങളായി മഞ്ഞപ്പാറ എസ്റ്റേറ്റ് എന്നാണ് രണ്ടു വില്ലേജുകളിലായുള്ള 540ഏക്കറോളം വരുന്ന സ്ഥലം അറിയപ്പെടുന്നത്. എന്നാൽ, തലമുറകൾ കൈമാറിയും സ്ഥലം തീരുവില കൊടുത്തും നിരവധി പേരാണ് ഇവിടെ ഇപ്പോൾ താമസിച്ചുവരുന്നത്. സി.എം. ചന്തുക്കുട്ടിയുടെ ഉടമസ്ഥാവകാശത്തിലുണ്ടായിരുന്ന സ്ഥലമാണ് ക്രയവിക്രയം നടത്തി പലരിലേക്കായി എത്തിയത്.
രണ്ട് സെന്റ് മുതൽ അഞ്ച് ഏക്കറിലധികമായി വസ്തുവകകളാണ് ഇവിടെ പലർക്കായുള്ളത്. വീട് വെക്കാനോ കെട്ടിടം നിർമിക്കാനോ അനുമതി ലഭിക്കുന്നില്ല. ബാങ്ക് വായ്പയും ലഭിക്കുന്നില്ല. മഞ്ഞപ്പാറ എസ്റ്റേറ്റ് എന്ന പേരുള്ളതിനാൽ തോട്ടഭൂമി എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത് ജനങ്ങളുടെ അവകാശത്തിനുമേലുള്ള കൈയേറ്റമാണെന്നാണ് കർഷകർ ആരോപിക്കുന്നത്.
വില്ലേജ് രേഖകളിൽ തോട്ടഭൂമി എന്ന് രേഖപ്പെടുത്തിയത് പരിഹരിച്ച് കൈവശ കൃഷിക്കാർക്ക് സ്ഥലത്ത് വീടുവെക്കാനും, വാണിജ്യ പ്രാധാന്യമുള്ള സ്ഥലത്ത് വ്യാപാര സമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള അനുമതിയും കൃഷിപരിപാലനത്തിനാവശ്യമായ കെട്ടിടങ്ങൾ നിർമിക്കുന്നതിനുമായി സർക്കാർ പ്രത്യേക ഉത്തരവിറക്കണമെന്നാണ് ഇവരുടെ ആവശ്യം.
രേഖകളിൽ വന്ന പിഴവ് അടിയന്തരമായി തിരുത്തണം. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് പോയി റവന്യു മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും നിവേദനം നൽകും.
തുടർ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും മഞ്ഞപ്പാറ എസ്റ്റേറ്റ് കൈവശ കർഷക സംരക്ഷണ സമിതി ഭാരവാഹികളായ പി.യു. സെബാസ്റ്റ്യൻ, പി.എസ്. അബ്രഹാം, ടി.ടി. സ്കറിയ, കെ. മൊയ്തീൻ, എസ്. ഉമ്മർ, എ.എം. ജോയി, എ.എൻ. തങ്കച്ചൻ, കെ. മാമുക്കുട്ടി, പി.വി. വിനോദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

