ആദിവാസി യുവാവിന്റെ മരണം സത്യാവസ്ഥ പുറത്തുകൊണ്ടു വരണം- സംയുക്ത സംഘടനകൾ
text_fieldsസംയുക്ത സംഘടന പ്രതിനിധികൾ കുടകിൽ മരിച്ച ബിനീഷിന്റെ കുടുംബാംഗങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നു
കൽപറ്റ: കുടകിൽ കൂലിപ്പണിക്ക് പോയി ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവിന്റെ മരണത്തിൽ വസ്തുത പുറത്ത് കൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ -മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു. പോരാട്ടം, വെൽെഫയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകനായ ഡോ. പി. ജി. ഹരിയും ഉൾപ്പെടുന്ന സംഘം ഞായറാഴ്ച ബിനീഷിന്റെ വീട് സന്ദർശിച്ചു. കുടകിൽ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ തുടർക്കഥയാവുകയാണ്. ഈ വിഷയത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളായി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പുൽപള്ളി പാളക്കൊല്ലിയിലെ ശ്രീധരൻ, പടിഞ്ഞാറത്തറ വാളാരം കുന്നിലെ ശേഖരൻ ഉൾപ്പെടെ നാലിലേറെ ആളുകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ ബിനീഷിന്റെ കാര്യത്തിലും സംഭവിച്ചത്. ബിനീഷിന്റെ മുഖത്തും തലക്ക് പിറകിലും വലിയ മുറിവുകളുണ്ട്. ബലപ്രയോഗം നടന്നതിന്റെ പാടുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. ആദ്യം ജോലിക്ക് പോയ സ്ഥലത്ത് നിന്ന് തർക്കമുണ്ടായെന്നും ആ പ്രശ്നം പരിഹരിക്കാൻ ഏജന്റും കൂടെയുണ്ടായിരുന്നവരും വിളിച്ച് കൂട്ടിക്കൊണ്ടു പോയ ശേഷമാണ് മരണം നടന്നതെന്ന് ബിനീഷിന്റെ അമ്മ പറഞ്ഞു.
മറ്റ് സംസ്ഥാനത്ത് ജോലിക്കു പോകുന്ന ആദിവാസികൾക്ക് തൊഴിൽ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തരമായി ഇടപെടൽ ഉണ്ടാകണം. ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പ്രവർത്തിക്കാൻ യോജിക്കാവുന്ന എല്ലാ സംഘടനകളുമായി ചേർന്ന് ഉടൻ സംയുക്ത സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. 27 ന് ഉച്ചക്ക് രണ്ടിന് മാനന്തവാടിയിൽ യോഗം ചേരും. ഭവന സന്ദർശനത്തിൽ ടി.നാസർ, സെയ്തു കുടുവ, ഷാന്റോലാൽ, എം. ഗൗരി, വി.എസ്. വിനോദ്, എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

