ബ്രഹ്മഗിരി മലനിരകളിലെ നിയമവിരുദ്ധ മരംമുറി തടയണം –വയനാട് പ്രകൃതി സംരക്ഷണ സമിതി
text_fieldsബ്രഹ്മഗിരി മലഞ്ചെരിവിലെ എസ്റ്റേറ്റിൽ മുറിച്ചിട്ട മരങ്ങൾ
കൽപറ്റ: തിരുനെല്ലി വില്ലേജിൽ ബ്രഹ്മഗിരി മലഞ്ചെരുവിലെ ബാർഗിരി എസ്റ്റേറ്റിൽ നിയമവിരുദ്ധമായി നടക്കുന്ന വൻ മരംമുറി അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. മരംമുറിക്കെതിരെ പ്രതിഷേധവുമായി ചെന്ന നാട്ടുകാരെ വില്ലേജ് അധികൃതർ വിരട്ടിവിട്ടുവെന്നും ചില വനം-റവന്യൂ ഉദ്യോഗസ്ഥരാണ് എസ്റ്റേറ്റിലെ മരംമുറിക്കു നേതൃത്വം കൊടുക്കുന്നതെന്നും സമിതി ആരോപിച്ചു.
'ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി വർഷമായി വൻതോതിൽ മരംമുറി നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണ കർഷകരുടെ ഭൂമിയിൽ മരം മുറിക്കുന്നതിനെ നിരോധിക്കുകയും പാസ് നിഷേധിക്കുകയും ചെയ്യുന്നവർ തന്നെയാണ് ബ്രഹ്മഗിരി ചെരുവിലെ മരംമുറിക്ക് ഒത്താശ ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന 300 ഏക്കറോളം വരുന്ന എസ്റ്റേറ്റിൽ നൂറേക്കർ റവന്യൂ ഭൂമിയും എസ്റ്റേറ്റ് ബംഗ്ലാവിനോട് ചേർന്ന് വനഭൂമിയുമുണ്ട്.
അവ അളന്നു വേർതിരിക്കാതെ സർക്കാർ ഭൂമിയിലെ അടക്കം സിൽവർ ഓക്ക് മരങ്ങളാണിപ്പോൾ മുറിച്ചുകൊണ്ടിരിക്കുന്നത്. കുറച്ചു വർഷംമുമ്പ് നിരവധി ഈട്ടി മരങ്ങൾ ഇതേ എസ്റ്റേറ്റിൽനിന്ന് മുറിച്ചു മാറ്റിയിരുന്നു. ബ്രഹ്മഗിരി മലകളിൽ 5000 ഏക്കറോളം ബ്രിട്ടീഷ് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എസ്റ്റേറ്റുകൾ ഇപ്പോൾ ഇരുപതോളം വ്യക്തികളുടെ സ്വകാര്യ എസ്റ്റേറ്റുകളാണ്. ബ്രിട്ടീഷുടമയിലുള്ള എല്ലാ തോട്ടങ്ങളുടെയും കൈമാറ്റം അസാധുവാണെന്നും സർക്കാർ സ്വത്താണെന്നും അവ തിരിച്ചുപിടിക്കാൻ സിവിൽ കേസുകൾ നൽകണമെന്നും ഹൈകോടതി ഈയിടെ വിധിച്ചിരുന്നു.
ബ്രഹ്മഗിരി െചരിവുകളിലെ നിരവധി തോട്ടങ്ങളിൽ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന മരംകൊള്ള വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ചില എസ്റ്റേറ്റുകളിൽ നടന്ന മരംമുറി ഹൈകോടതിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് അധികൃതർ തടഞ്ഞിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതിത്തകർച്ച തുടങ്ങിയവ മൂലം ദുരന്തം നേരിടുന്ന വയനാട്ടിലെ നിയമവിരുദ്ധ മരംമുറി അവസാനിപ്പിച്ചില്ലെങ്കിൽ ഏറെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. ഷൈജൻ, എം. ഗംഗാധരൻ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, എ.വി. മനോജ്, സണ്ണി മരക്കടവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

