ചെക്പോസ്റ്റ് കണ്ണടച്ചു; ഈട്ടിത്തടികൾ കൊണ്ടുപോയ ലോറി നമ്പർ രജിസ്റ്ററിലില്ല
text_fieldsഈട്ടിത്തടി കടത്തിയ ദിവസങ്ങളിൽ ലക്കിടി ചെക്പോസ്റ്റ് വഴി കടന്നുപോയ തടി വാഹനങ്ങളുടെ നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു
കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിൽനിന്ന് മുറിച്ച ഈട്ടിത്തടികൾ പെരുമ്പാവൂരിൽ എത്തിയത് ഒരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റായ ലക്കിടിയിലെ ചെക്പോസ്റ്റിലെ രജിസ്റ്ററിൽ രേഖപ്പെടുത്താതെയാണ് വാഹനം ചുരം ഇറങ്ങിയത്. ഈട്ടിത്തടി കടത്തിയ ലോറി രണ്ടാഴ്ച മുമ്പ് വനംവകുപ്പ് കൊടുവള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ഫെബ്രുവരി മൂന്നിനാണ് മുട്ടിലിൽനിന്ന് മുറിച്ച ഈട്ടിത്തടികൾ ലോറിയിൽ പെരുമ്പാവൂരിലെ മില്ലിലെത്തിച്ചത്. എന്നാൽ, ലക്കിടി ചെക്പോസ്റ്റിലെ രജിസ്റ്ററിൽ ഫെബ്രുവരി രണ്ടു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ മരം കൊണ്ടുപോയ ലോറിയുടെ നമ്പർ കാണാനില്ല.
കെ.എൽ 19 -2765 നമ്പർ ലോറിയിലാണ് മരം കടത്തിയത്. രണ്ടു മുതൽ ആറുവരെയുള്ള ദിവസങ്ങളിൽ 44 തടി വാഹനങ്ങൾ ചെക്പോസ്റ്റ് വഴി കടന്നുപോയിരുന്നു. ഈ ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത ലോറിയുടെ നമ്പർ ഒരിക്കൽ പോലും രേഖപ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മരം കടത്തിയതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. പെരുമ്പാവൂരിൽനിന്ന് മേപ്പാടി റേഞ്ച് ഓഫിസർ എം.കെ. സമീറിൻെറ നേതൃത്വത്തിൽ മരം കസറ്റഡിയിലെടുത്തതോടെയാണ് വിവാദ ഉത്തരവിൻെറ മറവിൽ സംസ്ഥാനത്തു നടന്ന മരംകൊള്ള പുറത്തുവരുന്നത്. അതേസമയം, മുട്ടിൽ മരംകൊള്ള കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.
ഇതിൻെറ ഭാഗമായി പ്രതികൾക്കെതിരെ കഴിഞ്ഞദിവസം ജൈവ വൈവിധ്യ നിയമത്തിലെ ഏഴ്, 24 വകുപ്പുകൾ കൂടി അന്വേഷണ സംഘം ചുമത്തിയിരുന്നു. ജൈവ വൈവിധ്യ ബോർഡിൻെറ അനുമതി ഇല്ലാതെ വ്യാപകമായി ഈട്ടിമരം മുറിച്ചെന്നാണ് കുറ്റം. മൂന്നു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കുന്ന ജാമ്യമില്ലാത്ത വകുപ്പുകളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

