‘തദ്ദേശ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം’
text_fieldsകൽപറ്റ: ജില്ലയില്‍ ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഡി.ആർ. മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതുമുതല്‍ വോട്ടെണ്ണല്‍ വരെയുള്ള സമയങ്ങള്‍ മാലിന്യം രൂപപ്പെടാന്‍ സാധ്യത കൂടുതലാണ്. സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഫ്ലക്‌സുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ പാത്രങ്ങള്‍, വെള്ളം നല്‍കുന്ന കുപ്പികള്‍ എന്നിവ പൂർണമായി ഒഴിവാക്കണം.
സര്‍ക്കാര്‍ അംഗീകരിച്ച പുനരുപയോഗ സാധ്യതയുള്ള തുണി നിർമിതമായ ബാനറുകള്‍, പ്രകൃതി സൗഹൃദ പ്രചാരണ ഉപാധികള്‍, പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ച് മാതൃകാപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ഹരിതചട്ട പാലനം ഉറപ്പാക്കാന്‍ ജില്ല-ബ്ലോക്ക് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പരിശോധന കര്‍ശനമാക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രചാരണ ബോര്‍ഡുകള്‍ തയാറാക്കാന്‍ നൂറു ശതമാനം കോട്ടണ്‍ തുണി, റീ സൈക്ലിങ്ങിന് സാധിക്കുന്ന പോളി എത്തിലിന്‍ പേപ്പര്‍ എന്നിവ ഉപയോഗിക്കണം. പ്രചാരണ സാമഗ്രികളില്‍ പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക്-പോളിസ്റ്റര്‍ തോരണങ്ങള്‍ ഉപയോഗിക്കരുത്. പേപ്പര്‍-കോട്ടണ്‍ തുണിയില്‍ നിർമിച്ച കൊടികളും തോരണങ്ങളും ഉപയോഗിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകള്‍ അലങ്കരിക്കാന്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍, പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍, യോഗങ്ങള്‍, റാലികളില്‍ നിരോധിത പ്ലാസ്റ്റിക് പേപ്പര്‍ കപ്പ്-പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും ഹരിത മാനദണ്ഡങ്ങള്‍ പാലിക്കണം. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഉണ്ടാവുന്ന മാലിന്യങ്ങള്‍ ഹരിത കർമസേനക്ക് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കൈമാറണം. മാലിന്യ സംസ്‌കരണത്തില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 നമ്പറില്‍ അറിയിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

