കല്പറ്റ: വീട്ടില്‍ കയറി ആക്രമിച്ച കേസിൽ പ്രതിയായ അയല്‍വാസിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് മീനങ്ങാടി റാട്ടക്കുണ്ട് കൊച്ചുമലയില്‍ ജേക്കബിെൻറ കുടുംബം. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
അയൽവാസി സഹോദരിയെ ചവിട്ടുകയും രക്ഷിതാക്കളെ ഹെൽമറ്റുകൊണ്ട് അടിക്കുകയും ചെയ്തതായി ജേക്കബിെൻറ മകള്‍ കെസിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആക്രമണത്തില്‍ ജേക്കബിെൻറ മൂന്നു പല്ലുകള്‍ നഷ്ടപ്പെട്ടു. അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.
കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ ഓഫിസില്‍നിന്നു വിളിച്ച് അന്വേഷിച്ചിരുന്നു. തുടർ നടപടികളില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നല്കി. പിന്നാലെ ബത്തേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് വിളിപ്പിച്ചു. അന്വേഷണം ഊര്‍ജിതമാണെന്നും ജില്ല കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണെന്നും അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും ഹൈകോടതിയിലേക്ക് രേഖകള്‍ അയച്ചിരിക്കുകയാണെന്നുമാണ് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥെൻറ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചതിനാലാണ് ഇയാള്‍ ഹൈകോടതിയെ സമീപിച്ചതെന്നും കെസിയ ആരോപിച്ചു.