പാൽ കുറഞ്ഞു; ക്ഷീരമേഖല പ്രതിസന്ധിയിൽ
text_fieldsകൽപറ്റ: വേനൽ കനത്തതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. കന്നുകാലികൾക്കാവശ്യമായ പച്ചപ്പുല്ലിന് ക്ഷാമം തുടങ്ങിയതോടെ പാലുൽപാദനം കുറഞ്ഞതാണ് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയത്. ഫെബ്രുവരി അവസാനമാകുമ്പോഴേക്കും കനത്ത വരൾച്ചയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജലലഭ്യത കുറവും പാലുൽപാദനത്തെ കാര്യമായ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ 2,47,000 ലിറ്റർ പാൽ മാത്രമാണ് ലഭിച്ചത്. തൊട്ടു മുമ്പത്തെ മാസം ലഭിച്ചതിനേക്കാളും ആയിരം ലിറ്ററിന്റെ കുറവാണ് ജില്ലയിൽ ഉണ്ടായത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പാലുൽപാദനം ഗണ്യമായി കുറയുമെന്നാണ് കർഷകരുടെ ആശങ്ക. വേനൽ കനത്തതോടെ പാടങ്ങളും തോട്ടങ്ങളും കരിഞ്ഞുണങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ പച്ചപ്പുല്ല് ലഭിക്കുന്നത് കുറഞ്ഞു. കർണാടകയിൽനിന്നു എത്താറുള്ള ചോളപ്പുല്ലിന്റെ വരവും കുറഞ്ഞിട്ടുണ്ട്. ചൂട് കാരണം പശുക്കളെ വെയിലത്ത് മേയാൻ വിടുന്നത് അപകടം ചെയ്യുമെന്നാണ് കർഷകർ പറയുന്നത്. ആഹാര-ജലസ്രോതസ്സുകൾ കുറയുന്നതോടെ ക്ഷീരമേഖല തന്നെ വലിയ പ്രതിസന്ധിയിലാകും. കാലിത്തീറ്റയുടെ ഗണ്യമായ വിലവർധനയും ക്ഷീരമേഖലയെ ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് കർഷകരാണ് ജില്ലയിൽ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നത്. കടുത്ത ചൂട് കന്നുകാലികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

