ജില്ലയിൽ ചൂട് വർധിക്കുന്നു
text_fieldsകൽപറ്റ: മാർച്ച് എത്തും മുമ്പേ ജില്ലയിൽ താപനില ഉയർന്നുതുടങ്ങി. പകൽ സമയങ്ങളിലാണ് നല്ല ചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയിൽ 28 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജനുവരിയിൽ തന്നെ താപനില ഉയരാൻ തുടങ്ങിയിരുന്നു. ഡിസംബർ, ജനുവരി മാസത്തിൽ അനുഭവപ്പെടുന്ന കൂടിയ തണുപ്പ് ഇത്തവണ ചില ദിവസങ്ങളിൽ മാത്രമാണ് അനുഭവപ്പെട്ടത്.
രാവിലെ വെയിലെത്തുമ്പോൾ തന്നെ കൂടുതൽ ചൂട് അനുഭവപ്പെടുന്നുമുണ്ട്. ഈ മാസം ആദ്യം 13.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. മൂന്ന് ദിവസം കഴിയുമ്പോഴേക്കും 16.4 ഡിഗ്രി സെൽഷ്യസിലേക്കും പിന്നീട് 28 ഡിഗ്രിയിലേക്കുമെത്തി. കഴിഞ്ഞ ഡിസംബറിലും ജില്ലയിൽ ചൂട് വർധിച്ചിരുന്നു.
അവസാന ആഴ്ചയിൽ പകൽ സമയത്തെ താപനില 28 ഡിഗ്രിക്ക് മുകളിലെത്തി. അടുത്ത ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച്, ഏപ്രിൽ മാസങ്ങളിലും കനത്ത ചൂടിന് സാധ്യതയുണ്ട്.
തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യം
മേപ്പാടി: ജില്ലയിൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഠിന ചൂടിൽ ജോലി ചെയ്യേണ്ടി വരുന്ന തോട്ടം തൊഴിലാളികളുടെയും മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ജോലി സമയത്തിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. വന്യമൃഗ ഭീഷണിയിൽ നിന്ന് തോട്ടം തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാനും നടപടി ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
നേരിട്ട് വെയിലേറ്റ് ജോലി ചെയ്യേണ്ടിവരുന്നവരാണ് തോട്ടം തൊഴിലാളികൾ. നിർമാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളും ഇതേ സ്ഥിതി നേരിടുന്നു. മുൻ വർഷങ്ങളെയപേക്ഷിച്ച് ഈ വർഷം മാർച്ചിന് മുമ്പ് തന്നെ 30ഡിഗ്രി സെൽഷ്യസിലേറെ ചൂട് അനുഭവപ്പെടുന്നുണ്ട്. ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഇത് തൊഴിലാളികൾക്ക് സൂര്യാതപമേൽപിക്കും. ഈ സാഹചര്യത്തിൽ അടിയന്തരമായി ജില്ല ഭരണകൂടവും തൊഴിൽ വകുപ്പും ഇടപെട്ട് തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്ന് ജനതാ ലേബർ യൂനിയൻ(എച്ച്.എം.എസ്) സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. അനിൽകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാവിലെ ഏഴിന് തോട്ടത്തിൽ ജോലിക്കിറങ്ങുന്ന തൊഴിലാളികൾ പലപ്പോഴും കാട്ടാനയുടെയും പുലിയുടേയുമൊക്കെ മുന്നിൽ പെടുന്ന സാഹചര്യവുമുണ്ട്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാനുള്ള നടപടിയും അധികൃതർ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

