അധ്യാപകനെ സസ്പെൻഡ് ചെയ്തു
text_fieldsകല്പറ്റ: അധ്യാപക തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ എണ്ണത്തില്‍ തിരിമറി നടത്തിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. കോട്ടത്തറ ഗവ.ഹൈസ്കൂളിലെ മലയാളം അധ്യാപകന് ബി. ശ്രീജേഷിനെയാണ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സർവിസില്‍ നിന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) സസ്പെൻഡ് ചെയ്തത്. സമ്പൂര്‍ണ പോര്‍ട്ടലില്‍ (സ്കൂളുകളിലെ മുഴുവന്‍ കുട്ടികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന സോഫ്റ്റ് വെയര്‍) വിദ്യാഭ്യാസ വകുപ്പ് മേലധികാരികളുടെ അനുമതിയില്ലാതെ തിരുത്തലുകള്‍ നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അതീവ രഹസ്യസ്വഭാവമുള്ളതും സുരക്ഷിതവുമായ സ്കൂള്‍ സമ്പൂര്‍ണ പോര്‍ട്ടല്‍ സോഫ്റ്റ് വെയറിലാണ് മലയാളം അധ്യാപക തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം നടത്തിയത്. വിവാദമായ സംഭവത്തില്‍ അന്വേഷണം നടത്തി ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചാണ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഒന്നാം ഭാഷയായി അറബി പഠിക്കാന്‍ പേര് നല്കിയ എട്ടാം ക്ലാസിലെ അഞ്ച് വിദ്യാർഥികളെയാണ് രക്ഷിതാക്കളുടെയോ കുട്ടികളുടെയോ ക്ലാസ് അധ്യാപകന്റെയോ പ്രധാനാധ്യാപകന്റെയോ അറിവോ സമ്മതമോ ഇല്ലാതെ അറബിയില്‍നിന്ന് മലയാളത്തിലേക്ക് മാറ്റി സമ്പൂര്‍ണ പോര്‍ട്ടലില്‍ കൃത്രിമം നടത്തിയത്. കുട്ടികളെ അറബിയില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റിയതോടെ അധ്യാപക തസ്തിക സുരക്ഷിതമാക്കുകയായിരുന്നു ലക്ഷ്യം. 2025-26 അധ്യയന വര്‍ഷത്തിലാണ് എട്ടാം ക്ലാസ് കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം നടത്തിയത്. കോട്ടത്തറ ഗവ. ഹൈസ്കൂളിലെ എസ്.ഐ.ടി.സി ചാര്‍ജ് വഹിക്കുന്ന മലയാളം അധ്യാപകനെതിരെയാണ് സ്കൂള്‍ പി.ടി.എ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി), കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെ.എ.ടി.എഫ്) ജില്ല കമ്മിറ്റി, തിരിമറി നടത്തിയ കുട്ടികളുടെ രക്ഷിതാക്കള്‍, സ്കൂളിലെ അധ്യാപകര്‍ തുടങ്ങിയവർ ഉന്നത വിദ്യാഭ്യാസ അധികാരികള്‍ക്ക് പരാതി നല്‍കിയത്. ഇതേ സ്കൂളില്‍ യു.പി വിഭാഗംവരെ അറബിക് ഒന്നാം ഭാഷയായി പഠിച്ച 22 കുട്ടികളില്‍ അഞ്ചു പേരെയാണ് തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണയില്‍ കൃത്രിമം നടത്തി മാറ്റിയത്.
തൊട്ടടുത്ത് ഹൈസ്കൂളുകളുള്ള ഏച്ചോം, നീര്‍വാരം, തെക്കുംതറ, കരിങ്കുറ്റി എന്നീ പ്രദേശങ്ങളില്‍ നിന്നും ഗോത്ര കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് തസ്തിക നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.
ഇതിനു മുമ്പും ഇതേ അധ്യാപകന് അറബി പഠിക്കുന്ന വിദ്യാര്‍ഥികളെ മലയാളത്തിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൈറ്റ് ജില്ല കോഓഡിനേറ്റര്‍ ഇദ്ദേഹത്തെ എസ്.ഐ.ടി.സി സ്ഥാനത്തുനിന്ന് മുന്‍ വര്‍ഷങ്ങളില്‍ മാറ്റിനിര്‍ത്തിയിരുന്നെങ്കിലും വീണ്ടും ഇതേ സ്ഥാനത്ത് തിരിച്ചെടുത്തതും വിവാദമായിരുന്നു.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശത്തെ തുടര്‍ന്ന് ഡി.ഇ.ഒ നടത്തിയ അന്വേഷണത്തിലാണ് പരാതികളെല്ലാം ശരിവെക്കുന്നതും അധ്യാപകന് കുറ്റക്കാരനാണെന്നും കണ്ടെത്തിയത്. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അറുപതിലധികം പേജുകള്‍ വരുന്ന വിശദമായ റിപ്പോര്‍ട്ടാണ് ഡി.ഇ.ഒ സമര്‍പ്പിച്ചത്. ഇതിനുപുറമെ പരാതിക്കാരുടെയും പ്രധാനാധ്യാപകര്‍, സ്കൂള്‍ ഓഫിസിലെ ജീവനക്കാര്‍, പരാതിക്കാരായ സ്കൂളിലെ 13 അധ്യാപകര്‍ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. അതീവ ഗൗരവമുള്ളതും കുറ്റകരമായ നടപടിയാണിതെന്നും തുടര്‍ ശിക്ഷണ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധ്യാപകനെ അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വിസില്‍നിന്ന് സസ്പെൻഡ് ചെയ്തത്.
അതേസമയം തസ്തിക ഉറപ്പാക്കാനായി ഏച്ചോം, നീര്‍വാരം, തെക്കുംതറ, കരിങ്കുറ്റി എന്നീ പ്രദേശങ്ങളിലെ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളെ ഈ അധ്യാപകന് സ്വന്തം ചെലവിലായിരുന്നു സ്കൂളിലെത്തിച്ചിരുന്നത്. അധ്യാപക തസ്തികക്കുള്ള ഫിക്സേഷന് ഉറപ്പായതോടെ കുട്ടികളെ കൊണ്ടുവരുന്നത് നിര്‍ത്തി.
ഇക്കാരണം കൊണ്ടുതന്നെ കോട്ടത്തറ സ്കൂളില്‍ നിന്ന് പാദവാര്‍ഷിക പരീക്ഷ എഴുതാനും ഈ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കുട്ടികളുടെ തലയെണ്ണി അധ്യാപകന് തസ്തിക സുരക്ഷിതമാക്കാനായെങ്കിലും യാത്ര മുടങ്ങിയതോടെ ഇവരുടെ പരീക്ഷയും പഠനവും പെരുവഴിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

