Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകാഞ്ഞിരത്തിനാൽ ഭൂമി...

കാഞ്ഞിരത്തിനാൽ ഭൂമി സുപ്രീംകോടതി ഇടപെടുന്നു; പ്രതീക്ഷയിൽ കുടുംബം

text_fields
bookmark_border
കാഞ്ഞിരത്തിനാൽ ഭൂമി സുപ്രീംകോടതി ഇടപെടുന്നു; പ്രതീക്ഷയിൽ കുടുംബം
cancel
camera_alt

കാ​ഞ്ഞി​ര​ത്തി​നാ​ൽ ജെ​യിം​സ് വ​യ​നാ​ട് ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ​ന്ത​ലി​ൽ

കൽപറ്റ: വനംവകുപ്പ് പിടിച്ചെടുത്ത സ്വന്തം ഭൂമി തിരിച്ചുകിട്ടാനായുള്ള കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അലച്ചിലിനും പോരാട്ടത്തിനും 50 വർഷമാകുന്നു. നിരന്തരസമരങ്ങളുടെയും നിയമനടപടികൾക്കുമൊടുവിൽ നിലവിൽ കേസിൽ സുപ്രീംകോടതി ഇടപ്പെട്ടതോടെ തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നിക്ഷിപ്ത വനഭൂമിയെന്ന്‌ പറഞ്ഞ് 1976ലാണ് വനംവകുപ്പ് കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമി പിടിച്ചെടുക്കുന്നത്. അന്നുമുതൽ കുടുംബം നടത്തുന്ന സമരപോരാട്ടങ്ങൾക്കും നീതി തേടിയുള്ള അലച്ചിലുകൾക്കും 2026ൽ 50 വർഷം പൂർത്തിയായി.

1967ലാണ് ജോർജും സഹോദരൻ ജോസും കുട്ടനാടൻ കാർഡമം കമ്പനിയിൽനിന്ന് 12 ഏക്കർ ഭൂമി വിലകൊടുത്തുവാങ്ങിയത്. 1983വരെ ഈ സ്ഥലത്ത് കൃഷിചെയ്തു. സ്ഥലത്തിന് റവന്യൂ വകുപ്പ് നികുതിയും സ്വീകരിച്ചു. എന്നാൽ, കുടുംബത്തിന്റെ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് പറഞ്ഞ് പിന്നീട് വനംവകുപ്പ് രംഗത്തെത്തുകയായിരുന്നു.

സ്ഥലത്തെ കൃഷി വനപാലകര്‍ വെട്ടിനശിപ്പിക്കുകയും ഭൂമി പിടിച്ചെടുക്കുകയുംചെയ്തു. സ്വന്തംഭൂമി വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ നിലവിൽ വയനാട് കലക്ടറേറ്റ് പടിക്കൽ 2015 ആഗസ്റ്റ് 15 മുതൽ സത്യഗ്രഹം നടത്തിവരികയാണ്. യഥാർഥത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്ന്‌ പിടിച്ചെടുത്ത 12 ഏക്കർ സ്ഥലത്തിന്റെ അതിരിലെവിടെയും നിക്ഷിപ്ത വനഭൂമി ഉണ്ടായിരുന്നില്ല. കാഞ്ഞിരത്തിനാൽ ഭൂമിക്ക് രണ്ടു കി.മീറ്റർ അപ്പുറത്തുള്ള വെസ്റ്റഡ് വനമായിരുന്നു വനംവകുപ്പ് പിടിച്ചെടുക്കേണ്ടിയിരുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ തെളിയിക്കുന്നത്.

നിർണായക ഇടപെടലുമായി സുപ്രീംകോടതി

കുടുംബത്തിന്റെ അനിശ്ചിതകാല ഭൂസമരത്തിൽ സുപ്രീം കോടതി നിർണായക ഇടപെടലാണ് നടത്തിയത്. വയനാട്ടിലെ മാധ്യമപ്രവർത്തകനായ ജോസ് കുര്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ച ഹരജി പ്രത്യേക കേസായി പരിഗണിച്ചാണ് കോടതിയുടെ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സെൽ തുടർനടപടി ആരംഭിച്ചത്. 2025 ജൂലൈയിലാണ് ഈ ഹരജി പ്രത്യേക കേസായി സുപ്രീം കോടതി രജിസ്റ്റർ ചെയ്തത്.

സ്വന്തം ഭൂമിയുടെ അവകാശത്തിനായി നാല് പതിറ്റാണ്ടിലധികം നീണ്ട കഠിനമായ നിയമപോരാട്ടങ്ങൾ നടത്തിയ കർഷകൻ കാഞ്ഞിരത്തിനാൽ ജോർജ്, ഒടുവിൽ കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായതോടെ മാനസികമായി തകരുകയും സ്വന്തം കൃഷിയിടം നഷ്ടപ്പെട്ട ദുഃഖത്തിൽ 2012 ഡിസംബറിൽ അനാഥാലയത്തിൽ മരിക്കുകയുമായിരുന്നു. ജോർജിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ട്രീസയുടെ ഭർത്താവായ കെ.കെ. ജെയിംസാണ് നിലവിൽ നീതിക്കായി കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തുന്നത്. വിഷയം നിലവിൽ സംസ്ഥാന മന്ത്രിസഭയുടെ അജണ്ടയിലുണ്ടെന്നും അടിയന്തരമായി പരിഗണിക്കുമെന്നും കഴിഞ്ഞദിവസം സമരപ്പന്തൽ സന്ദർശിച്ച മന്ത്രി ടി. സിദ്ദീഖ് ജയിംസിനെ അറിയിച്ചിരുന്നു.

കാഞ്ഞിരത്തിനാൽ കുടുംബത്തിന് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളും നീതിനിഷേധവും വിശദമായി പരിശോധിക്കാൻ സുപ്രീം കോടതി പി.ഐ.എൽ ബ്രാഞ്ച് കേരള സംസ്ഥാന നിയമസഹായ അതോറിറ്റിയുടെ (കെൽസ) സഹായം തേടിയിരിക്കുകയാണ്. വനംവകുപ്പ് ഈ കുടുംബത്തെ കുടിയിറക്കി ഭൂമി നിയമവിരുദ്ധമായി കൈയേറിയെന്ന ആരോപണവും തുടർന്ന് നീതിക്കായി കോടതികളെ സമീപിക്കുന്നതിൽനിന്ന് കുടുംബത്തെ തടഞ്ഞ സാഹചര്യങ്ങളുമാണ് കെൽസ നിലവിൽ അന്വേഷിക്കുന്നത്.

സുപ്രീം കോടതി നിർദേശപ്രകാരം ജനുവരിയിൽ വയനാട് ജില്ല നിയമസഹായ അതോറിറ്റി ജഡ്ജി ഹരജിക്കാരൻ സമർപ്പിച്ച രേഖകൾ നേരിട്ട് പരിശോധിച്ചിരുന്നു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് ഡി.എൽ.എസ്.എ വിലയിരുത്തിയത്. ഇതോടൊപ്പം ഹരജിക്കാരൻ ജോസ് കുര്യൻ, സമരത്തിന് നേതൃത്വം നൽകുന്ന കാഞ്ഞിരത്തിനാൽ ജോർജിന്റെ മരുമകൻ കെ.കെ. ജെയിംസ് എന്നിവരുടെ മൊഴികളും അന്ന് രേഖപ്പെടുത്തി.

ഇതിന്റെ തുടർച്ചയായി കഴിഞ്ഞ മാർച്ച് 30ന് എറണാകുളം ഹൈകോടതി സമുച്ചയത്തിൽ കെൽസ മെംബർ സെക്രട്ടറി പ്രത്യേക സിറ്റിങ് നടത്തുകയും നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും വ്യക്തത തേടുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ കെൽസ തങ്ങളുടെ സമഗ്ര റിപ്പോർട്ട് സുപ്രീം കോടതിയുടെ പി.ഐ.എൽ സെല്ലിന് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഹൈകോടതിയിലോ സുപ്രീം കോടതിയിലോ വീണ്ടും സജീവമായി കൊണ്ടുവരുന്നതിനുള്ള നിയമപരമായ സാധ്യതകളാണ് ഇപ്പോൾ പരിശോധിച്ചുവരുന്നതെന്നും ജോസ് കുര്യൻ പറഞ്ഞു.

റിപ്പോർട്ടുകളും രേഖകളും പറയുന്നു, ഭൂമി കുടുംബത്തിന്റേത്

നിയമനടപടികളുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടുകളുമടക്കം പറയുന്നത് വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേതാണെന്നാണ്. 2025 ഏപ്രിൽ 21ന് കാഞ്ഞിരത്തിനാൽ ഭൂമി സന്ദർശിച്ച വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

തുടർന്ന് മേയ് 28ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ ഭൂമിപ്രശ്നത്തിൽ അടിയന്തര ജുഡീഷൽ അന്വേഷണത്തിന് ശിപാർശചെയ്തിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല. കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നമ്പർ 238ൽ വിവിധ സബ്ഡിവിഷനുകളിൽ നോട്ടിഫിക്കേഷൻ പ്രകാരം ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയും കൃഷിസ്ഥലവും ഉൾപ്പെടുന്നുണ്ടെന്നും എന്നാൽ, വെസ്റ്റഡ് വനം നോട്ടിഫിക്കേഷൻ നമ്പർ വനംവകുപ്പിൽനിന്ന്‌ ലഭ്യമാക്കേണ്ടതുണ്ടെന്നും കലക്ടറുടെ മുൻറിപ്പോർട്ടിൽ പറയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land disputeKanjirathinalSupreme Court
News Summary - Supreme Court intervenes in Kanjiratthinaal land dispute
Next Story