വേനൽ കനത്തു; ജനവാസ കേന്ദ്രങ്ങൾ തീപിടിത്ത ഭീഷണിയിൽ
text_fieldsകണിയാരം കൂളിക്കാവുകുന്നിലെ കുരിശുമലയിലുണ്ടായ തീപിടിത്തം
കൽപറ്റ: വേനൽ കനത്തതോടെ ജില്ലയിൽ പലയിടത്തും തീപിടിത്തം. ചൂട് വർധിച്ചതോടെ നിരവധി ജനവാസ കേന്ദ്രങ്ങൾ തീപിടിത്ത ഭീഷണിയിലാണ്.
നിരവധി സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തീപിടിത്തമുണ്ടായത്. ഹെക്ടർ കണക്കിന് തോട്ടങ്ങൾ കത്തിനശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം കർഷകർക്ക് ഉണ്ടായി.
ജനവാസ മേഖലയോട് ചേർന്ന പല സ്ഥലങ്ങളിലും അടിക്കാടുകൾ ഉണങ്ങിനിൽക്കുകയാണ്. മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റിൽ ജനവാസ മേഖലയോട് ചേർന്ന് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി.
കൊളഗപ്പാറ കവല കവലയിൽനിന്ന് ചൂരിമലയിലേക്കുള്ള ഭാഗത്താണ് അഗ്നിബാധയുണ്ടായത്. അടിക്കാടുകൾ പൂർണമായും കത്തിനശിച്ചു. ജനങ്ങൾ കൂടുതലായി അധിവസിക്കുന്ന ചൂരിമല ഭാഗത്താണ് വ്യാപക തീപിടിത്തമുണ്ടായത്.
ഇത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അഞ്ച് ഏക്കറോളം സ്ഥലമാണ് കത്തിനശിച്ചത്. വനത്തിന് സമാനമായി കിടക്കുന്ന ഈ മേഖലകളിൽ കടുവ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്.
ഒരു തീപ്പൊരി വീണാൽ പ്രദേശമാകെ കത്തിയമരുന്ന സാഹചര്യമാണ് മേഖലയിലുള്ളത്. കുറച്ചു ദിവസം മുമ്പും എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലും തീപിടിച്ച് അടിക്കാടുകൾ കത്തിനശിച്ചിരുന്നു. അടിക്കാടുകൾ വെട്ടിനീക്കാത്തതാണ് തീ കൂടുതൽ പടരാൻ കാരണമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം അമ്പലവയൽ മഞ്ഞപ്പാറ ക്വാറിക്ക് സമീപമുള്ള വ്യൂ പോയന്റിലും തീ പടർന്നിരുന്നു.
കൂളിക്കാവ് കുന്ന് കുരിശുമലയിൽ തീപിടിത്തം
മാനന്തവാടി: കണിയാരം പാലാക്കുളി റോഡിൽ തീപിടിത്തം. കൂളിക്കാവു കുന്നിലെ കുരിശുമലയിലാണ് തീ പടർന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയാണ് തീ പടർന്നത്.
നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേന യഥാസമയം എത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞുകിടക്കുന്ന പറമ്പിലാണ് തീ പടർന്നത്. ഇവിടെയുള്ള കാടുകൾ വെട്ടിത്തെളിക്കണമെന്ന് പ്രദേശവാസികൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വന്യമൃഗങ്ങൾ താവളമാക്കാനിടയുണ്ടെന്ന ഭീതിയെ തുടർന്ന് മാനന്തവാടി നഗരസഭ ഓഫിസിലും പരാതി നൽകിയിരുന്നു.
പറമ്പിലെ തെരുവപ്പുല്ലുകളിലാണ് തീപടർന്ന് ആളിക്കത്തിയത്. സമീപത്ത് അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മാനന്തവാടി അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഒ.ജി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പ്രദേശത്ത് വാഹനം കൊണ്ടുപോകാൻ സാധിക്കാത്തത് തിരിച്ചടിയായെങ്കിലും ഏറെ പണിപ്പെട്ട് ഒരു മണിക്കൂർകൊണ്ട് തല്ലിക്കെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

