ആവശ്യത്തിന് ഡോക്ടർമാരില്ല; തരിയോട് ആരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് ദുരിതം
text_fieldsതരിയോട് കുടുംബാരോഗ്യ കേന്ദ്രം
കൽപറ്റ: 1965ൽ ആരംഭിച്ച തരിയോട് കുടുംബ ആരോഗ്യ കേന്ദ്രം ശോച്യാവസ്ഥയിൽ. ഡോക്ടർമാരുടെ കുറവും ആശുപത്രിയിലെ മറ്റു അസൗകര്യങ്ങളും ഹെൽത്ത് സെന്ററിലെത്തുന്ന രോഗികൾക്ക് ദുരിതമാകുകയാണ്. സായാഹ്ന ഒ.പിയിൽ ഉൾപ്പടെ അഞ്ചു ഡോക്ടർമാരാണ് ഇവിടെ വേണ്ടത്. എന്നാൽ, ഒരു ഡോക്ടർ ആർദ്രം പദ്ധതിയുടെ ഡെപ്യൂട്ടേഷനിൽ പോയതോടെ നാല് ഡോക്ടർമാരായി ചുരങ്ങി. ഒരു ഡോക്ടർ വെള്ളിയാഴ്ച വിരമിക്കുന്നതോടെ ഡോക്ടർമാരുടെ എണ്ണം വീണ്ടും മൂന്നായി ചുരുങ്ങും. ഇതിൽ ഒരു ഡോക്ടറെ സായാഹ്ന ഒ.പിക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിയമിച്ചത്.
400ഓളം രോഗികൾ ദിനേനയെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ പലപ്പോഴും ഒരു ഡോക്ടർ മാത്രമാണ് ഉണ്ടാകുക. കൂടാതെ ഡോക്ടർമാർ നിത്യവും വൈകിയാണ് ആശുപത്രിയിൽ എത്തുന്നതെന്ന ആരോപണവുമുണ്ട്. രാവിലെ ഒമ്പതിന് എത്തേണ്ട ഡോക്ടർമാർ പലപ്പോഴും വൈകി എത്തുന്നതു മൂലം നിരവധി രോഗികളാണ് കാത്തിരുന്ന് ദുരിതത്തിലാകുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
അഞ്ച് പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആണിത്. ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ആരോഗ്യ കേന്ദ്രത്തിന് 2022ൽ ഡയാലിസ് സെന്റർ നിർമിക്കുന്നതിനുള്ള പ്രാഥമിക ആവശ്യത്തിന് 25 ലക്ഷം രൂപയുടെ ഫണ്ട് വകയിരുത്തിയെങ്കിലും ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രാവർത്തികമായില്ല. ഡയാലിസിസ് സെന്ററിന് വേണ്ടി ആക്ഷൻ കമ്മിറ്റിയടക്കം രൂപീകരിച്ച് നാട്ടുകാർ രംഗത്ത് എത്തിയിരുന്നു.
25 ലക്ഷം രൂപ നൽകി വിശാലമായ ലാബ് സൗകര്യവും ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയിരുന്നെങ്കിലും പല പരിശോധനകളും ഇപ്പോൾ ഇവിടെ നടക്കുന്നില്ല.
ഡോക്ടർമാർക്ക് വേണ്ടി നിർമിച്ച മൂന്ന് ക്വോട്ടേഴ്സുകളിൽ രണ്ടെണ്ണം കാട് മൂടി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ ക്വോട്ടേഴ്സുകൾ ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരേ പ്രതിഷേധമുയർത്താനാണ് നാട്ടുകാരുടെ തീരുമാനം. ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരേ എച്ച്.എം.സി യോഗത്തിൽ ഉൾപ്പെടെ നിരവധി പരാതികൾ ഉന്നയിച്ചെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

