വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയില്‍
text_fieldsഅബ്ദുൽ സലാം, സുജേഷ്കുമാര്‍
കല്പറ്റ: സംസ്ഥാനത്തുനിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വില്പന നടത്തുന്നവര്‍ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനികളെ വയനാട് പൊലീസ് പിന്തുടര്ന്ന് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന് പരിധികളില്‍ നിന്നും തുടര്‍ച്ചയായി പിക്അപ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും തന്ത്രപൂര്‍വം വലയിലാക്കിയത്.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. മുന്‍ സൈനികനായ ആലപ്പുഴ, തിരുവന്‍വണ്ടൂര്‍, ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്കുമാര്‍(44), കോഴിക്കോട് ഫറോഖ്, കക്കാട്ട്പറമ്പില്‍ വീട്ടില്‍ അബ്ദുൽ സലാം (37) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുൽ സലാമിന് 30ഓളം കേസുകളും സുജേഷ്കുമാറിന് പത്തോളം കേസുകളുമുണ്ട്.
കമ്പളക്കാട് സ്റ്റേഷന് പരിധിയിലാണ് ജില്ലയിലെ ആദ്യ പിക്അപ് വാഹന മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് മൂന്നിന് കമ്പളക്കാട്, അമ്പലച്ചാല്‍ എന്ന സ്ഥലത്ത് ക്വാര്‍ട്ടേഴ്സിന് മുന്നില്‍ പാര്‍ക്ക് ചെയ്ത അശോക് ലെയ്ലാന്‍ഡ് ദോസ്ത് വാഹനമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട്, മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയിലും പിക്അപ് മോഷണം പോയി. ജൂലൈ 13നും 14 നും ഇടയിലാണ് കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിരുന്ന ഫോഴ്സ് കമ്പനിയുടെ പിക്അപ് മോഷണം പോയത്.
മേപ്പാടി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 19നും 20നുമിടയില്‍ തൊണ്ടര്‍നാട് സ്റ്റേഷന് പരിധിയിലും പിക്അപ് മോഷണം പോയി. കോറോം, കടയങ്കല്‍ എന്ന സ്ഥലത്ത് എന്‍.എം സിമന്റ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന്റെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര പിക്അപ് വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. സമാന രീതിയിലാണ് വാഹന മോഷണങ്ങളെന്നതിനാല് മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്പി എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടര്‍ന്ന് തൊണ്ടര്‍നാട് എസ്.ഐ കെ. മൊയ്തു, എസ്.സി.പി.ഒ റബിയത്ത് എന്നിവര്‍ കളവ് പോയ വാഹനവും പ്രതികളേയും കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്ക് തിരിച്ചു.
തുടര്‍ന്ന്, മേട്ടുപാളയം, കുറുവനൂര്‍ എന്ന സ്ഥലത്ത് വെച്ച് പിക്അപ് കണ്ടെത്തി. തുടരന്വേഷണത്തില്‍ ഒരുകൂട്ടം ആളുകള്‍ തമിഴ്നാട്ടിലേക്ക് വാഹനങ്ങള്‍ കടത്തി കൊണ്ടുവന്ന് പൊളിച്ച് വില്പന നടത്തുന്നവര്‍ക്ക് കൈമാറുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് സുജേഷ് കുമാറിനെ എറണാകുളത്ത് നിന്നും അബ്ദുൽ സലാമിനെ പാലക്കാട് നിന്നും പിടികൂടുന്നത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.എസ്. അജേഷ്, എസ്.ഐമാരായ ഹരീഷ് കുമാര്‍, പവനന്, എ.എസ്.ഐ നൗഷാദ്, സീനിയര്‍ സി.പി.ഒമാരായ പി.എം. താഹിര്‍, എം. ബിജു, സി.പി.ഒമാരായ ഷിന്റോ ജോസഫ്, ശ്രീജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

