ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ; നിർമാണ തൊഴിലാളി ഫെഡറേഷൻ പ്രക്ഷോഭത്തിലേക്ക്
text_fieldsകൽപറ്റ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 26ന് കൽപറ്റയിൽ റാലി നടക്കുമെന്ന് നിർമാണ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻകാർക്ക് നവംബർ 30 ആകുമ്പോൾ 11 മാസത്തെ പെൻഷനാണ് ക്ഷേമനിധിയിൽ നിന്നും ലഭിക്കാനുള്ളത്.
റീഫണ്ട് പോലും 2021 മുതൽ കുടിശ്ശികയാണ്. ക്ഷേമനിധിയിൽ നിന്നുള്ള പ്രസവാനുകൂല്യങ്ങൾ, വിവാഹധനസഹായം, തുടങ്ങിയവയും രണ്ട് വർഷമായി കുടിശ്ശികയാണ്.
ചികിത്സ ധനസഹായം പോലും പൂർണമായും ലഭിച്ചിട്ടില്ല. കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് പിരിച്ചെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ കാണിച്ച ഗുരുതര പിഴവാണ് ഇതിനുകാരണം. 2018 വരെ ഭാഗികമായെങ്കിലും സെസ് പിരിച്ചുവെങ്കിലും തുടർന്ന് നാലു വർഷം പിരിവ് നടത്തിയിട്ടില്ല. ഇത്രയും ഗുരുതരമായ പിഴവ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ യാതൊരു നടപടിയും സർക്കാറിൽ നിന്നും ഉണ്ടായിട്ടില്ല.
സെസ് പിരിവിന് തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികൾക്ക് ഐ.എൻ.ടി.യു.സി ജില്ല റാലിയോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം രൂപം നൽക്കുന്നതെന്നും സമരസഹായ സമിതി ചെയർമാൻ എൻ. വേണുഗോപാൽ, ജനറൽ കൺവീനർ ഗിരീഷ് കൽപറ്റ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

