അമിതവേഗതയും മത്സരയോട്ടവും; വെങ്ങപ്പള്ളി-കൽപറ്റ റൂട്ടിൽ അപകടം തുടർക്കഥ
text_fieldsകൽപറ്റ-വെങ്ങപ്പള്ളി റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറിന്റെ ഭാഗങ്ങൾ ഷീറ്റുകൊണ്ട് മൂടിയ നിലയിൽ
കൽപറ്റ: ജില്ലയിലെ പ്രധാന പാതയായ വെങ്ങപ്പള്ളി-കൽപറ്റ റൂട്ടിൽ വാഹനാപകടങ്ങൾ പെരുകുന്നു. ഒരു വർഷത്തിനിടെ ചെറുതും വലുതുമായ പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നത്. കോടികൾ മുടക്കി റോഡ് നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സൂചന ബോർഡുകളോ വേഗ നിയന്ത്രണ സുരക്ഷ വരകളോ പൂർത്തിയായിട്ടില്ല.
കൽപറ്റ മുതൽ നാലോളം വലിയ വളവുകളാണ് ഈ റൂട്ടിലുള്ളത്. കുത്തിറക്കവും വളവുകളും പ്രദേശത്ത് അപകടം വർധിപ്പിക്കുകയാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരോട്ടവും അമിത വേഗതയും വില്ലനാവുന്നു.ദിവസങ്ങൾക്ക് മുമ്പ് ഈ റൂട്ടിൽ പുഴമുടി പള്ളിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് വെങ്ങപ്പള്ളി ജങ്ഷന് സമീപം അമിത വേഗതയിൽ വന്ന വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിക്കുകയും സമീപത്തെ ഈർച്ച മില്ലിലേക്ക് വാഹനം ഇടിച്ചുകയറി യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം തുടർന്നിട്ടും റൂട്ടിൽ റോഡിന് ട്രാഫിക് ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
സംരക്ഷണഭിത്തി നിർമാണവും പാതിവഴിയിലാണ്. ജീവൻ പണയംവെച്ചുകൊണ്ടുള്ള യാത്രയാണ് ഈ റൂട്ടിലൂടെയെന്നാണ് യാത്രക്കാർ പറയുന്നത്. രാത്രിയായാൽ വെളിച്ചമില്ലാത്തതും ദുരിതം വിതക്കുന്നുണ്ട്. അടിയന്തരമായി റോഡിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിക്കണമെന്നും സുരക്ഷ ക്രമീകരണങ്ങളൊരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

