ചൂടും റമദാനും; സജീവമായി പഴവിപണി
text_fieldsവഴിയോരങ്ങളിൽ സജീവമായ പഴവിപണി- കൽപറ്റയിൽ നിന്നുള്ള കാഴ്ച
കൽപറ്റ: കടുത്ത ചൂടിനോടൊപ്പം റമദാൻ മാസവും തുടങ്ങിയതോടെ ജില്ലയിൽ സജീവമായി പഴ വിപണി. നാട്ടു പഴമായ നേന്ത്രപ്പഴം ഒഴിച്ചു നിർത്തിയാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തുന്നവയാണ് ഭൂരിഭാഗം പഴവർഗങ്ങളും.
മുമ്പൊന്നുമില്ലാത്ത രീതിയിലാണ് നേന്ത്രപ്പഴത്തിന് ഇത്തവണ വില വർധിച്ചത്. കിലോക്ക് 50 രൂപയോളം മിക്ക കടകളിലും ഈടാക്കുന്നുണ്ട്. കടുത്ത ചൂടിൽ കർണാടകയിലെ ഗുണ്ടൽപേട്ടയിൽ നിന്ന് എത്തുന്ന തണ്ണിമത്തനാണ് ഏറ്റവും കൂടുതൽ വിറ്റു പോകുന്നത്.
ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ലഭിക്കുന്ന ഇറാനി, കിരൺ വിഭാഗങ്ങളിൽപ്പെട്ട തണ്ണിമത്തനുകൾക്ക് കിലോ 25 മുതൽ 40 രൂപ വരെയാണ് വില. ഓറഞ്ചിന്റെ സീസൺ അവസാനിച്ചു തുടങ്ങിയതോടെ കിലോക്ക് 80 മുതൽ 100 രൂപ വരെ വിലയായി. നോമ്പുകാലത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത ഈത്തപ്പഴങ്ങൾക്ക് 200 മുതൽ 600 രൂപയാണ് വില. പൈനാപ്പിൾ സുലഭമായി ജില്ലയിൽ എത്തിയതോടെ രണ്ട് കിലോ 100 രൂപ എന്ന രീതിയിലാണ് മിക്ക വിപണിയിലും ഈടാക്കുന്നത്. എന്നാൽ കിലോ 70 രൂപ വരെ വാങ്ങുന്ന കടകളും ഉണ്ട്. ഇവക്കുപുറമെ ജ്യൂസ് ഐറ്റങ്ങളായ ഷമാമും മുന്തിരിയും ആപ്പിളുമുള്പ്പെടെ എല്ലാ വിധ പഴവര്‍ഗങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ പഴ വിപണി ഇനിയും സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
വേനല്‍ ചൂടേറിയതോടെ പ്രധാന ചന്തകളിലും വഴിയോരങ്ങളിലുമെല്ലാം പഴ വിപണി സജീവമാണ്. വില അൽപം കൂടുതലാണെങ്കിലും ഇറാന് ആപ്പിളാണ് വിപണിയിലേക്ക് ഇപ്പോള്‍ കൂടുതലായും എത്തുന്ന മറ്റൊരു ഇനം. മുംബൈയിൽ നിന്ന് എത്തുന്ന കുരുവില്ലാത്ത മുന്തിരി, പച്ച മുന്തിരി, തേനിയിൽ നിന്ന് എത്തുന്ന റോസ് മുന്തിരി എന്നിവക്കും 100 മുതൽ 230 വരെയാണ് വില. മിക്ക പഴവർഗങ്ങൾക്കും മുൻവർഷങ്ങളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

