മാരകമാണ് പേവിഷബാധ; സ്കൂളുകളിൽ ബോധവത്കരണം
text_fieldsകൽപറ്റ: ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പേവിഷബാധക്കെതിരെ സ്കൂളുകളിൽ ബോധവത്കരണം. പേവിഷബാധ സംബന്ധിച്ച് വിദ്യാർഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും പേവിഷബാധ പ്രതിരോധ അസംബ്ലി ചേര്‍ന്നു.
കല്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലതല അസംബ്ലിയില്‍ ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ, കല്പറ്റ ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. നവാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണം നല്കി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍-ചാര്‍ജ് ലീന, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഐശ്വര്യ, എം.എല്‍.എസ്.പി ജിഞ്ജു എന്നിവര്‍ സംസാരിച്ചു.
അവഗണിക്കരുത് മൃഗങ്ങളുടെ കടിയും പോറലും
മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏറ്റാൽ അക്കാര്യം അവഗണിക്കരുത്. ആദ്യം കടിയേറ്റ ഭാഗം 15 മിനിട്ട് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പൈപ്പ് ശക്തിയിൽ തുറന്നുവെച്ച് മുറിവിൽ വെള്ളം വീഴുന്ന തരത്തിലാകണം ഇത്. മുറിവിലുള്ള വൈറസ് പരമാവധി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ബെറ്റാഡിന് ലോഷനോ ഓയിന്റ്മെന്റോ ലഭ്യമാണെങ്കില്‍ പുരട്ടാം. മുറിവ് കെട്ടിവെക്കരുത്. ശേഷം കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണം. പേവിഷബാധക്കെതിരെ തൊലിപ്പുറത്താണ് കുത്തിവെപ്പ് നല്‍കുന്നത്. പൂജ്യം, മൂന്ന്, ഏഴ്, 28 ദിവസങ്ങളിലാണ് കുത്തിവെപ്പുകളെടുക്കേണ്ടത്.
മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്യൂണോ ഗ്ലോബുലിന്‍ കുത്തിവെപ്പ് നല്‍കാറുണ്ട്. പേവിഷബാധക്കെതിരെ യഥാസമയം കുത്തിവെപ്പെടുത്താല്‍ മരണം തടയാം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍തന്നെ പ്രതിരോധ കുത്തിവെപ്പെടുക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് രോഗ പ്രതിരോധത്തില്‍ പ്രധാനമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആറുമാസം പ്രായമായാല്‍ ആദ്യ കുത്തിവെപ്പെടുത്ത് പിന്നീട് ഓരോ വര്‍ഷ ഇടവേളയില്‍ പ്രതിരോധകുത്തിവെപ്പ് നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

