പുൽപള്ളിയിലെ ജനകീയ പ്രതിഷേധം: കേസ് പിൻവലിക്കണമെന്ന് ഒരു വിഭാഗം; നിയമനടപടി വേണമെന്ന് മറുഭാഗം
text_fieldsകൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി ശനിയാഴ്ച പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ടസംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും നൂറോളം പേർ പ്രതികളാവുകളും ചെയ്ത സംഭവത്തിൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളും ജനപ്രതിനിധികളും മാനന്തവാടി ബിഷപ്പടക്കം രംഗത്തെത്തി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ജനം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നുമാണ് ജില്ലയിലെത്തിയ ഗവർണർ പറഞ്ഞത്.
എന്നാൽ, ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അക്രമത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് വനപാലകർ ആവശ്യപ്പെടുന്നത്.
ജീവനക്കാരെ ബന്ദിയാക്കി വാഹനത്തിനു മുകളിൽ കടുവ കൊന്ന കന്നുകാലിയെ കെട്ടിവെച്ച് ജനപ്രതിനിധികൾ നോക്കിനിൽക്കെ പ്രതിഷേധിച്ചത് പ്രാകൃതരീതിയാണെന്നാണ് വനംവകുപ്പിന്റെ വാദം.
കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിക്കാനും കൽപറ്റയിൽ ഉപവാസം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എം.എല്‍.എമാരെ ആക്രമിച്ചുവെന്ന പേരില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ തങ്ങളെ ആരും ആക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ല. ആരുടെ പേരിലും പരാതിയില്ലെന്നാണ് എം.എല്‍.എമാര്‍ പറഞ്ഞത്.
അക്രമ കേസുകളിൽ ഉൾപ്പെട്ടവർക്ക് നിയമ സഹായവുമായി കർഷക സംഘടനയായ കിഫയും രംഗത്തിറങ്ങിയിട്ടുണ്ട്. വനംവകുപ്പിന്റെ ജീപ്പ് നശിപ്പിച്ചതും ജീവനക്കാരെയും ജനപ്രതിനിധികളെയും കൈയേറ്റം ചെയ്തതിനും പൊലീസിനുനേരെ കല്ലെറിഞ്ഞതിനും പോളിന്റെ മൃതദേഹം തടഞ്ഞുവെച്ചതിനും മറ്റുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വനപാലകരുടെ ഉപവാസം ഇന്ന്
കൽപറ്റ: പുൽപള്ളിയിൽ വനപാലകരെ ബന്ദിയാക്കി ആക്രമിച്ചതിലും വാഹനം നശിപ്പിച്ചതിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഉപവാസസമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൽപറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ പത്തര മുതൽ വൈകീട്ട് നാലു വരെയാണ് ഉപവാസം. പ്രതിഷേധ സൂചകമായി ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർ കറുത്ത ബാഡ്ജ് ധരിക്കും.
കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പ്രയത്നിക്കുന്ന വനപാലകർക്കെതിരെയുള്ള ആസൂത്രിത ആക്രമണം വർധിക്കുകയാണ്. 12 വർഷമായി കുറുവ ഇക്കോ ടൂറിസത്തിൽ ഗൈഡായി ജോലി ചെയ്തിരുന്ന പോളിന്റെ മൃതദേഹത്തെ അനുഗമിച്ച ഡെപ്യൂട്ടി റേഞ്ചർ ഷാജിയെയും ജീവനക്കാരെയും ബന്ദിയാക്കി ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. നെഞ്ചുവേദനയെ തുടർന്ന് ഡെപ്യൂട്ടി റേഞ്ചർ ചികിത്സയിലാണ്.
ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 ജീവനക്കാർക്കാണ്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു.
ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുക, അക്രമത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, ആധുനിക സംവിധാനങ്ങളോടെയുള്ള ദ്രുതകർമസേനകൾ അനുവദിക്കുക, പുതിയ വാഹനങ്ങളും ഉപകരണങ്ങളും നൽകുക, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വിദഗ്ധസമിതിയുടെ റിപ്പോർട്ട് തയാറാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഉപവാസം.
വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എ. സേതുമാധവൻ, ജനറൽ സെക്രട്ടറി ആർ. ദിൻഷ്, സംസ്ഥാന ട്രഷറർ കെ. ബീരാൻകുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. വിനോദ്, സംസ്ഥാന സെക്രട്ടറി പി.കെ. ഷിബു, കമ്മിറ്റിയംഗം എ.ആർ. സിനു, ജില്ല പ്രസിഡന്റ് എ. നിഗേഷ് എന്നിവർ പങ്കെടുത്തു.
നിയമ സഹായവുമായി കിഫ
കൽപറ്റ: പോളിന്റെ മരണവുമായി പുൽപള്ളിയിൽ നടന്ന അക്രമ കേസുകളിൽ ഉൾപ്പെട്ടവർക്ക് നിയമ സഹായവുമായി കിഫ. നിയമ സഹായം ലഭിക്കാൻ 8075893092 എന്ന കിഫ ലീഗൽ ഹെൽപ്ലൈൻ നമ്പറിൽ വിളിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
തടഞ്ഞതിന്റെ പേരിൽ കേസെടുക്കരുത് -എം.എൽ.എമാർ
സുൽത്താൻ ബത്തേരി: കുറുവ ദ്വീപിലെ ഫോറസ്റ്റ് വാച്ചറായ വെള്ളച്ചാലിൽ പോളിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുൽപള്ളി ടൗണിലുണ്ടായ അനിഷ്ടസംഭവത്തിൽ തങ്ങൾക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കരുതെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ടി. സിദ്ദീഖ് എം.എൽ.എക്കും തനിക്കുമെതിരെ ചിലർ അസഭ്യം പറഞ്ഞിരുന്നു. ആൾക്കൂട്ടത്തിനിടയിൽ സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണത്. കേസെടുക്കാൻ മാത്രം അതിൽ ഒന്നുമില്ല. എന്നാൽ, 100 പേർക്കെതിരെ കേസെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനോട് പരാതി പറയാത്ത സാഹചര്യത്തിൽ കേസെടുക്കേണ്ട ആവശ്യമുദിക്കുന്നില്ലെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇക്കാര്യം വയനാട് എസ്.പിയെയും ഡി.വൈ.എസ്.പിയെയും അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
കേസുകൾ പിൻവലിക്കണം -ബിഷപ്
മാനന്തവാടി: കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുൽപള്ളിയിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ പൊലീസ് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഷപ് ഹൗസ് സന്ദർശിച്ച് മടങ്ങിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ കാര്യത്തിൽ പൊലീസ് അവധാനതയോടെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കണം. ആസൂത്രിത ആക്രമണമല്ല, നിയന്ത്രിക്കാൻ നേതാക്കളില്ലാത്ത ജനക്കൂട്ടത്തിന്റെ വികാരപ്രകടനമാണ് അവിടെ നടന്നത്. ഇതിന്റെ പേരിൽ കേസുകൾ എടുത്താൽ യുവാക്കളുടെ ഭാവിക്കാണ് ഭീഷണിയാവുക. നിയമം നടപ്പാക്കണം.
പക്ഷേ, വേട്ടയാടി നിയമം നടപ്പാക്കരുത്. ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തർക്കും പറയാനും നിലപാട് സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മാത്രമേ അതിനെ കാണുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ എത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീനങ്ങാടി ബിഷപ് ഗീവർഗീസ് മാർ സ്തേഫാനോസും പങ്കെടുത്തു.
കൽപറ്റ: പുല്പള്ളിയിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ എം.എല്‍.എമാരെ ആക്രമിച്ചുവെന്ന പേരില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ തങ്ങളെ ആരും ആക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്നും ആരുടെ പേരിലും തങ്ങള്‍ക്ക് പരാതിയില്ലെന്നും എം.എല്‍.എ പറഞ്ഞു.
കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പാക്കത്തെ കുറുവ സംരക്ഷണ സമിതി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിയായ വനം വകുപ്പിനും സർക്കാറിനുമെതിരെ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത നടപടിയിൽ സി.പി.ഐ എം.എൽ റെഡ്സ്റ്റാർ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മുഴുവൻ കള്ളക്കേസുകളും പിൻവലിക്കണം. സ്വാഭാവിക വനങ്ങൾ സംരക്ഷിച്ചും വന്യമൃഗങ്ങൾക്കാവശ്യമായ ജലലഭ്യത ഉറപ്പുവരുത്തിയും അനധികൃത റിസോർട്ടുകളും ക്വാറികളും ട്രക്കിങ്ങുകളും നിരോധിച്ചും ജില്ലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരത്തിനാവശ്യമായ നടപടികളാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കല്പറ്റ: പുല്പള്ളിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ പൊലീസ് എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ ആവശ്യപ്പെട്ടു. വന്യജീവി ശല്യത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ കേസെടുത്തത് കൊടിയ ധിക്കാരമാണെന്നും ഇതിനെതിരെ ഇനിയും വൻ പ്രക്ഷോഭങ്ങള്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
പുൽപള്ളി: പുൽപള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ കേസെടുക്കുന്നതിൽനിന്ന് സർക്കാറും പൊലീസും പിന്തിരിയണമെന്ന് കോൺഗ്രസ് പുൽപള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരപരാധികളുടെ പേരിൽ കള്ളക്കേസെടുത്താൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. യഥാർഥ പ്രതികൾ വനം വകുപ്പും വനം മന്ത്രിയുമാണെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

