സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം മുന്നറിയിപ്പുമായി പൊലീസ്
text_fieldsകൽപറ്റ: നിധി കമ്പനികൾ ഉൾപ്പെടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നും അതിജാഗ്രത പുലർത്തണമെന്നുമാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. കേരളത്തിൽ 14 ജില്ലകളിലായി 537 ധനകാര്യ സ്ഥാപനങ്ങളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ ജില്ലയിലെ മൂന്നു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടും. ഈ മൂന്ന് സ്ഥാപനങ്ങളുടെ ഉൾപ്പെടെ ലൈസൻസ് നിധി കമ്പനി നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം റദ്ദ് ചെയ്തിട്ടുണ്ട്.
സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്തെ കൽക്കുഴിപ്പറമ്പിൽ ഫിനാൻസ് ലിമിറ്റഡ്, സുൽത്താൻ ബത്തേരി കോട്ടക്കുന്ന് ജങ്ഷനിലെ സ്റ്റാർല ഇന്ത്യ ഫിനാൻസ് ലിമിറ്റഡ്, സുൽത്താൻ ബത്തേരി ചുങ്കത്ത് പ്രവർത്തിച്ചിരുന്ന മിത്രം ഇന്ത്യ ഫിനാൻസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കേരള പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.