പൊലീസ് മയക്കുമരുന്ന് കേസിൽ കുടുക്കി അപമാനിച്ചു; പരാതി നൽകി യുവാവ്
text_fieldsഅജ്നാസ്
കല്‍പറ്റ: പൊലീസ് തന്നെ മയക്കുമരുന്ന് കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്ന് യുവാവിന്റെ പരാതി. തലപ്പുഴ പൊലീസ് മയക്കുമരുന്ന് കേസില്‍ കുടുക്കുകയും വാര്‍ത്ത പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തില്‍ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തൊണ്ടര്‍നാട് കോറോം ഇല്ലത്തുവീട്ടില്‍ ഇ. അജ്‌നാസാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതുവരെ താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പരിശോധന നടത്തി തന്റെ പക്കൽനിന്ന് എം.ഡി.എം.എ കിട്ടിയെന്ന് പൊലീസ് മാധ്യമങ്ങൾക്ക് വ്യാജവാർത്ത നൽകിയെന്നും അജ്നാസ് ആരോപിച്ചു.
മയക്കുമരുന്നുകേസില്‍ പ്രതിയായെന്ന് വാര്‍ത്ത വന്നതോടെ നാട്ടിലിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ പ്രമുഖ സഹകരണ സ്ഥാനത്തില്‍ ഉണ്ടായിരുന്ന താലക്കാലിക ഡ്രൈവര്‍ ജോലി നഷ്ടമായതായും അജ്നാസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. താനും സുഹൃത്തും കുറ്റ്യാടിയില്‍നിന്നു കോറോത്തേക്ക് വരികയായിരുന്ന കാര്‍ മേയ് 17ന് രാത്രി 11 ഓടെ നിരവില്‍പ്പുഴക്ക് സമീപം പൊലീസ് കൈകാണിച്ചു നിര്‍ത്തിച്ചിരുന്നു. തുടർന്ന് കാര്‍ പൊലീസ് വിശദമായി പരിശോധിച്ചു. ദേഹപരിശോധനയടക്കം നടത്തി രണ്ടര മണിക്കൂറിനുശേഷം പോകാനനുവദിച്ചു. പിറ്റേന്ന് രാവിലെ 11ന് സുഹൃത്തിനൊപ്പം കോറോത്തുനിന്ന് തലപ്പുഴയിലേക്ക് പോകവേ ആലാറ്റില്‍ എന്ന സ്ഥലത്ത് പൊലീസ് കാര്‍ തടഞ്ഞു.
ആള്‍ട്ടോ കാര്‍ കുറുകെയിട്ടാണ് വാഹനം തടഞ്ഞത്. തലേന്ന് പരിശോധന നടത്തിയ സംഘത്തിലെ രണ്ടുപേരടക്കം പൊലീസുകാരാണ് കാര്‍ തടഞ്ഞത്. പിന്നീട് തന്നെയും സുഹൃത്തിനെയും പൊലീസുകാര്‍ കാറിന് പുറത്തിറക്കി. സുഹൃത്തിനെ പൊലീസ് തല്ലി. ദേഹപരിശോധനയും വാഹന പരിശോധനയും നടത്തിയ പൊലീസ് കൈവശമുള്ള എം.ഡി.എം.എ കാണിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഉച്ചക്ക് മൂന്നുവരെ തുടര്‍ന്ന പരിശോധനക്കുശേഷം കാര്‍ സഹിതം തലപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രണ്ടുമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി ഏതൊക്കെയോ കടലാസുകളില്‍ ഒപ്പുവാങ്ങിയശേഷമാണ് വിട്ടയച്ചത്. അടുത്ത ദിവസമാണ് 0.34 ഗ്രാം എം.ഡി.എം.എയുമായി തന്നെ പിടികൂടിയതായി സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തവന്നത്. അനാവശ്യമായി കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

