പോക്സോ; പ്രതിക്ക് 14 വർഷം തടവും 30,000 രൂപ പിഴയും
text_fieldsജെയിംസ് വർഗീസ്
കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വർഷം തടവും 30,000 രൂപ പിഴയും. കണ്ണൂർ പേരാവൂർ തൊണ്ടി സ്വദേശിയായ വലയമണ്ണിൽ വീട്ടിൽ ജെയിംസ് വർഗീസിനെയാണ് (65) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2021 നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമ ശ്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വി.വി. അജീഷാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
സബ് ഇൻസ്പെക്ടർ പി.കെ. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.വി. ഗീത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി.

