ഒറിജിനലിനെ വെല്ലും ഈ ‘കൊന്നപ്പൂക്കൾ’
text_fieldsകൽപറ്റയിലെ കടയിൽ വിൽപനക്കുവെച്ച പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ
കല്പറ്റ: ദൂരെനിന്നു കണ്ടാൽ ഒറിജിനൽ കൊന്നപ്പൂക്കളാണെന്നേ തോന്നൂ. അടുത്തെത്തിയാൽ മാത്രമാണ് അവ പ്ലാസ്റ്റിക് പൂക്കളാണെന്ന് വ്യക്തമാകുക. ഒറിജിനൽ കൊന്നപ്പൂക്കളെ വെല്ലുന്നരീതിയിലുള്ള പ്ലാസ്റ്റിക് കൊന്ന പൂക്കൾ ഇത്തവണ വിപണിയിൽ സജീവമായിരിക്കുകയാണ്.
മറ്റു പ്ലാസ്റ്റിക് പൂക്കൾ വിൽക്കുന്നപോലെ ഇത്തവണ പ്ലാസ്റ്റിക് കൊന്നപൂക്കൾക്കും ആവശ്യക്കാർ ഏറെയുണ്ട്. പച്ച ഇലയും മഞ്ഞ പൂക്കളും ചേർന്നുള്ള ഒരു സെറ്റിന് 60 രൂപ മുതൽ 80 രൂപവരെയാണ് വില. മുൻ വർഷങ്ങളിലും ഇവയുണ്ടായിരുന്നെങ്കിലും ഇത്തവണയാണ് എല്ലായിടത്തും സജീവമാകുന്നത്.
നേരത്തെ കണിക്കൊന്നകള്‍ പൂവിടുന്നതിനാല്‍ വിഷുവിന് പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്ക് ഡിമാന്റ് കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വരുംവര്‍ഷങ്ങളിലും ഉപയോഗിക്കാമെന്നതിനാല്‍ ഇത്തരം പൂക്കള്‍ നല്ലപോലെ വിറ്റുപോകുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. വിഷുക്കണിക്ക് കൊന്നപ്പൂവ് ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും കൂടുതൽ കാഴ്ച ഭംഗിക്കായി പ്ലാസ്റ്റിക് കൊന്നപ്പൂ കൂടി ഉപയോഗിക്കാനും പലരും താൽപര്യം കാണിക്കുന്നുണ്ട്.
പ്രധാനമായും വാഹനങ്ങളിലും മറ്റും തൂക്കിയിടാൻ ഡ്രൈവർമാരും ഇത്തരം മഞ്ഞ പ്ലാസ്റ്റിക്ക് പൂക്കൾ വാങ്ങുന്നുണ്ട്. ജില്ലയിലെ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഒരു മാസം മുമ്പു തന്നെ കണിക്കൊന്നകള്‍ കാലംതെറ്റി പൂവിട്ടിരുന്നു. ഇതിനാൽ തന്നെ കൊന്നപൂക്കളുടെ ലഭ്യതയും കുറവാണ്.