വരള്‍ച്ചാ ലഘൂകരണ-കാട്ടുതീ മുന്നൊരുക്കത്തിന് പദ്ധതികൾ
text_fieldsകൽപറ്റ: വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടുതീ തടയല്‍ പ്രവര്‍ത്തനങ്ങള്‍, മഴക്കാല മുന്നൊരുക്കം എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിന് നിർദേശം നല്കാന് ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കുടിവെള്ള വിതരണത്തിനായി സജ്ജീകരിച്ച വാട്ടര്‍ കിയോസ്കുകള്‍ ഉപയോഗപ്രദമാണോ എന്ന് പരിശോധിച്ച് കിയോസ്കുകള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി.
ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ താൽക്കാലിക തണല്‍ കേന്ദ്രമൊരുക്കല്‍, സൂര്യാഘാതം സംബന്ധിച്ച ബോധവത്ക്കരണ കാമ്പയിന്, ജലസ്രോതസ്സ് വൃത്തിയാക്കല്‍, കുടിവെള്ള ക്ഷാമ പരിഹാരത്തിന് കർമ പദ്ധതികള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ നിര്‍ദേശിച്ചു. വാട്ടര്‍ കിയോസ്ക്കുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ല ഭരണകൂടം നിർദേശിക്കുന്ന മുറക്ക് വെള്ളം നിറക്കാനുള്ള നടപടി സ്വീകരിക്കാനും ഗുണമേന്മ പരിശോധിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കാന് അംഗൻവാടി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. കാട്ടുതീ ശ്രദ്ധയില്‍പ്പെട്ടാല്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാന്‍ പട്ടികവർഗ വികസന വകുപ്പിന്റെ സേവനം ഉറപ്പാക്കാന്‍ യോഗം ആവശ്യപ്പെട്ടു.
കാട്ടുതീ പടരുന്നതിന് മുമ്പേ വിവരം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതിനായി ലഘു പ്രചാരണ പത്രിക മുഖേന ടോള്‍ ഫ്രീ നമ്പറുകള്‍ പ്രദേശവാസികളിലേക്ക് എത്തിക്കണം. ഉന്നതികളിലെ ഹാന്‍ഡ് പമ്പുകള്‍ റിപ്പയര്‍ ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

