ജീവിതം അവസാനിപ്പിക്കാൻ സമ്മതം തേടി രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്ത്
text_fieldsകല്പറ്റ: ഭൂമിക്കുവേണ്ടി കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച സമരം ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നീതി കിട്ടില്ലെന്ന് ഉറപ്പായ കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും ജീവിതം അവസാനിപ്പിക്കാനുള്ള നിയമപരമായ സമ്മതം തേടി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അപേക്ഷ നല്കി. കുടുംബത്തെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന് സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. എല്ലാ തെളിവുകളും അനുകൂലമായിട്ടും വനംവകുപ്പിെൻറ പിടിവാശിക്ക് മുന്നില്‍ ഒരു കുടുംബത്തെ തെരുവിലാക്കിയ സര്‍ക്കാര്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികളായ അഡ്വ. വി.ടി. പ്രദീപ് കുമാര്‍, പി.പി. ഷൈജല്‍, ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
നീതിന്യായ ചരിത്രത്തില്‍ സമാനതകളില്ലാത്ത നീതിനിഷേധവും സംസ്ഥാനത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവുമാണ് ഈ കുടുംബം നേരിട്ടത്. അവസാനമായി നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചില്ല. പകരം ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഈ കുടുംബത്തിന് നല്കാന് ജില്ലയില്‍ ഭൂമി ലഭ്യമല്ലായെന്ന് മാത്രമല്ല, കേരള ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി പതിച്ചു നല്കാന് കഴിയില്ലെന്നുമാണ് കലക്ടര്‍ സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നീതി കിട്ടാനുള്ള എല്ലാ വഴികളും അടക്കുന്നുവെന്ന് മനസ്സിലാക്കിയാണ് സമരത്തോടൊപ്പം ജീവിതവും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കുടുംബം എത്തിയത്.
ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ പരിതാപകരമാണ്. ഉടനടി പ്രശ്ന പരിഹാരമുണ്ടാവുന്നില്ലെങ്കില്‍ സംസ്ഥാനത്തെ കര്‍ഷക സംഘടനകളെയും സാമൂഹിക-സാംസ്കാരിക സംഘടനകളെയും ബഹുജനങ്ങളെയും അണിനിരത്തിയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് അടുത്ത ദിവസം രൂപം നല്‍കുന്നതാണെന്ന് സമരസമിതി അംഗങ്ങള്‍ വ്യക്തമാക്കി.ഇതിെൻറ ഭാഗമായി ഞായറാഴ്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ ഒത്തുചേരും. തുടര്‍ സമരത്തിെൻറ ഭാഗമായി സെപ്റ്റംബര്‍ 12ന് പ്രശാന്ത് ഭൂഷൺ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ആവശ്യങ്ങൾ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
കൽപറ്റ: വയനാട് കലക്ടറേറ്റിനുമുന്നിൽ ആറുവർഷമായി സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ ജെയിംസിെൻറ പരാതി പരിശോധിച്ച് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല കലക്ടറോട് ആവശ്യപ്പെട്ടു.
ആഗസ്റ്റ് 15ന് സമരം ആറുവർഷം തികയുകയാണെന്ന് ജെയിംസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥർ നിയമ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതു കാരണം തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥർക്ക് സംഭവിച്ച തെറ്റിെൻറ ഫലമായി കിടപ്പാടം നഷ്ടമായെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

