കുഞ്ഞുങ്ങൾക്ക് പി.സി.വി നൽകുന്നതിന് തുടക്കം
text_fieldsകല്പറ്റ ജനറല്‍ ആശുപത്രിയിൽനിന്ന് കുഞ്ഞിന് ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്സിൻ നൽകുന്നു
കൽപറ്റ: യൂനിവേഴ്സല്‍ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്സിനേഷെൻറ (പി.സി.വി) ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു.ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള കുട്ടികള്‍ക്കാണ് ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്സിന് നല്‍കുന്നത്.ഈ വാക്സിെൻറ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസ്സാണ്.
ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, ഒമ്പത് മാസം എന്നിങ്ങനെയാണ് വാക്സിന് നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ 2000 രൂപ വരെ വിലയുള്ള പി.സി.വി വാക്സിന് ആണ് സര്‍ക്കാര്‍ ആശുപത്രികളിൽ നിന്നും പി.എച്ച്.സികളിൽ നിന്നും ഇനി മുതൽ സൗജന്യമായി നല്‍കുന്നത്. ജില്ലയിൽ വാക്സിനേഷൻ തുടങ്ങുന്നതിന് മുമ്പായി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.
കല്പറ്റ ജനറല്‍ ആശുപത്രിയിലെ ഡി.ഇ.ഐ.സി കോൺഫറൻസ് ഹാളിൽ നടന്ന വാക്സിനേഷെൻറ ജില്ലതല ഉദ്ഘാടനത്തിൽ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. എ.പി. മുസ്തഫ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, എൻ.എച്ച്.എം ഡി.പി.എം ഡോ. സമീഹ സൈതലവി, കൽപറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ, ആർ.സി.എച്ച് ഓഫിസർ ഇൻചാർജ് ഡോ. പി. ദിനീഷ്, ജില്ല മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, എം.സി.എച്ച് ഓഫിസർ ഇൻചാർജ് പി. ജോളി ജെയിംസ്, എൻ.എച്ച്.എം ജൂനിയർ കൺസൽട്ടൻറ് കെ.എസ്. നിജിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

