പാറക്കലുകാർ ഇനി പറന്നുപോകേണ്ടിവരുമോ?
text_fieldsമുട്ടിൽ: പാറക്കലുകാരുടെ നിസ്സഹായതക്കു മുന്നിൽ കണ്ണുതുറക്കാതെ അധികൃതർ. ദേശീയപാത 766ൽ ദേശസാത്കൃത റൂട്ടിൽ സ്വകാര്യ ബസുകൾക്ക് തിരിഞ്ഞുപോകാൻ ഇടം നിശ്ചയിച്ചപ്പോൾ അതിനിടയിൽ കുടുങ്ങിയെന്നൊരു തെറ്റേ പാറക്കലിനു സംഭവിച്ചുള്ളൂ. വർഷങ്ങളായി അതുകൊണ്ട് അനുഭവിക്കുന്ന ദുരിതമേറെയാണ്. പാറക്കലുകാർ മാത്രമല്ല, പരിയാരം, താഴേപരിയാരം, ചേനംകൊല്ലി, ചെലഞ്ഞിച്ചാൽ, പറളിക്കുന്ന്, കുമ്പളാട് തുടങ്ങി നിരവധി പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാരാണ് പാറക്കലിൽ ബസുകളെത്താത്തതിനാൽ ബുദ്ധിമുട്ടുന്നത്.
കൽപറ്റ-സുൽത്താൻ ബത്തേരി ദേശസാത്കൃത പാതയിൽ സ്വകാര്യ ബസുകൾ എടപ്പെട്ടിയിൽനിന്ന് തിരിഞ്ഞ് അമ്പുകുത്തി വഴി മുട്ടിൽ ടൗണിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. ബത്തേരിയിൽനിന്ന് വരുമ്പോൾ തിരിച്ചും. മുട്ടിൽ-അമ്പുകുത്തി വഴി എടപ്പെട്ടിയിൽ ചെന്നുകയറുമ്പോൾ ഇതിനിടയിലുള്ള പാറക്കലിൽ എത്താതെയാണ് ബസുകളുടെ യാത്ര. മേൽപറഞ്ഞ പ്രദേശങ്ങളിലെ യാത്രക്കാർ മുഴുവൻ കൽപറ്റ, സുൽത്താൻ ബത്തേരി ഭാഗങ്ങളിലേക്കുള്ള ബസുകളിൽ കയറാനായി എത്തുന്നത് പാറക്കലിലാണ്. ബസുകൾ ഇവിടെ എത്താത്തതിനാൽ വീണ്ടും ഒരു കിലോമീറ്റർ നടന്ന് മുട്ടിലിലോ എടപ്പെട്ടിയിലോ എത്തി ബസിൽ കയറേണ്ട ദുരവസ്ഥയാണ്.
കെ.എസ്.ആർ.ടി.സി ബസുകൾ മിക്കതും ടൗൺ ടു ടൗൺ സർവിസുകളായതിനാൽ ഈ ദുരിതത്തിനിടക്ക് അതും ആശ്രയമാവുന്നില്ല. കൽപറ്റയിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പഴയകാലങ്ങളിലേതുപോലെ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകൾ ഇപ്പോൾ ഇല്ല. ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾക്ക് പാറക്കലിൽ സ്റ്റോപ്പുണ്ടെങ്കിലും ഇപ്പോൾ കോഴിക്കോട്-സുൽത്താൻ ബത്തേരി സർവിസുകൾ ഏറക്കുറെ എല്ലാം ടൗൺ ടു ടൗൺ ആയി മാറിയിരിക്കുകയാണ്. മുട്ടിൽ ടൗണിൽ സ്റ്റോപ് ഉള്ളതിനാൽ ഈ ടൗൺ ടു ടൗൺ ബസുകളൊന്നും പാറക്കലിൽ നിർത്തിക്കൊടുക്കാറുമില്ല. മുട്ടിലിൽ ഇറങ്ങിയാൽ വീണ്ടും ഓട്ടോറിക്ഷ പിടിച്ച് പാറക്കലിലേക്ക് തിരിച്ചെത്തുകയേ വഴിയുള്ളൂ.
ദേശീയപാത 766ൽനിന്ന് കൽപറ്റ-മാനന്തവാടി സ്റ്റേറ്റ് ഹൈവേയിലേക്കുള്ള എളുപ്പവഴിയാണ് പരിയാരം-പറളിക്കുന്ന്-കമ്പളക്കാട് റോഡ്. അതുകൊണ്ടുതന്നെ ദിവസേന സഞ്ചാരികളടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ബസ്സ്റ്റോപ്പാണ് പാറക്കലിലേത്. ഈ പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർഥികളും ബസ് കാത്തിരിക്കുന്നതും പാറക്കലിലാണ്. ഇതുവഴി ബസ് സർവിസ് ഇല്ലാത്തതിനാൽ ക്ലാസുകളിലും ഓഫിസുകളിലും സമയത്തിനെത്താതെ ബുദ്ധിമുട്ടുന്നവരുമേറെ.
ഒരു പ്രദേശത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നം അധികൃതർക്കു മുന്നിൽ പലതവണ ഉന്നയിച്ചിട്ടും പരിഹാരമായിട്ടില്ല. ബസില്ലാതെ കുഴങ്ങുന്ന പാറക്കലുകാർക്ക് താൽക്കാലിക ആശ്വാസമാകാൻ കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വകാര്യ ബസുകളിൽ ചിലത് പാറക്കൽ വഴി ഓടാൻ അനുമതി നൽകുന്നതിനെക്കുറിച്ച് അധികൃതർ ചിന്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

