കുരുക്കഴിയാതെ ചുരം
text_fieldsവയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക്
കല്പറ്റ: വയനാട് ചുരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുമ്പോഴും പരിഹാരത്തിനുള്ള തീരുമാനങ്ങൾ കടലാസിലൊതുങ്ങുന്നു. ചുരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് വയനാട്,കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ലക്കിടിയിലും അടിവാരത്തും ക്രയിന്‍ സംവിധാനം ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഗതാഗതകുരുക്ക് രൂക്ഷമാവുന്ന സമയത്ത് ചുരത്തില്‍ സ്ഥിരമായി പൊലീസിനെ നിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. നാലു മാസമാകാറായിട്ടും പ്രഖ്യാപനങ്ങളൊന്നും നടപ്പിലായില്ലെന്നു മാത്രമല്ല അനുദിനം കുരുക്ക് രൂക്ഷമാവുകയുമാണ്. അവധി ദിവസങ്ങളിൽ രാവിലെ മുതൽ രാത്രി വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവും എങ്ങും എത്തിയില്ല.
അവധി ദിനത്തിൽ ചുരം യാത്ര കഠിനം...
അവധി ദിവസങ്ങളിൽ ചുരം കടക്കാൻ പലപ്പോഴും മണിക്കൂറുകൾ വേണം. വേനലവധി സമയത്ത് മിക്ക ദിവസങ്ങളിലും ചുരത്തിൽ ഗതാതകുരുക്ക് അതിരൂക്ഷമായിരുന്നു. ഇപ്പോൾ പ്രധാനമായും ശനി, ഞായര്‍ ദിവസങ്ങളിലാണ് കുരുക്ക് കൂടുതൽ. അവധി ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും മറ്റുമെത്തുന്നവരുടെ വാഹനങ്ങള്‍ അധികരിക്കുന്നതാണ് കാരണം.
വലിയ വാഹനങ്ങളുടെ പെരുപ്പവും കാരണമായി പറയുന്നു. 25 ടണ്ണിൽ കൂടുതൽ ശേഷിയുളള വാഹനങ്ങൾക്ക് ചുരത്തിൽ നിരോധനമുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല.
നിര തെറ്റിക്കുന്നു, കുരുക്ക് മുറുകുന്നു
തിരക്കേറുന്ന സമയത്ത് ചെറിയ വാഹനങ്ങൾ നിര തെറ്റിച്ച് മുന്നിലുളള വാഹനങ്ങളെ മറികടന്ന് പോകുന്നതു പ്രശ്നം രൂക്ഷമാക്കുന്നു. ഒരേ ദിശയിൽ വാഹനങ്ങൾ വരിവരിയായി പോകുന്നതിന് പകരം ചിലർ മാത്രം വരി ലംഘിച്ച് എതിർദിശയിലൂടെ കയറിപോകുന്നതാണ് പ്രധാന പ്രശ്നം.
ഇതോടെ, എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് മുന്നോട്ട് പോകാനാകില്ല. കൂടാതെ, ആംബുലൻസ് അടക്കമുളള അടിയന്തരവാഹനങ്ങൾക്ക് വഴി തടസ്സവുമുണ്ടാക്കുന്നു. അത്യാസന്ന നിലയിലയിലുള്ള രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മറ്റു ആശുപത്രികളിലേക്കും കൊണ്ടുപോകുന്നതിനുള്ള ഏകമാർഗം ചുരമാണ്.
ഗതാഗതകുരുക്കുളള സമയങ്ങളിൽ നിര തെറ്റിച്ചുപോകരുതെന്ന് നിരവധി തവണ മോട്ടോർ വാഹന വകുപ്പും പൊലീസും നിർദേശം നൽകിയതാണ്. ചിലർ ഈ നിർദേശം അവഗണിക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്കിടയാക്കുന്നു.
ക്രയിൻ സൗകര്യവും നടപ്പായില്ല
വലിയ വാഹനങ്ങള്‍ ചുരത്തില്‍ തകരാറാകുന്നത് ഗതാഗതകുരുക്കിന് മറ്റൊരു കാരണമാണ്. ഇത്തരത്തില്‍ തകരാറിലാകുന്ന വാഹനങ്ങള്‍ എടുത്തു മാറ്റാനായിരുന്നു ക്രയിന്‍ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനം നടത്തിയത്. വലിയ ചരക്കുലോറികൾ ചുരത്തിൽ കുടുങ്ങുന്നത് നിത്യ സംഭവമാണ്. അവധി ദിവസങ്ങളിൽ ഇരു വശങ്ങളിലേക്കും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ചുരത്തിലെ സ്ഥിരം കാഴ്ചയാണ്. അടിവാരം ഔട്ട് പോസ്റ്റിലുള്ള പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേർന്നാണ് പലപ്പോഴും കുരുക്ക് ഒഴിവാക്കുന്നത്. വാഹനങ്ങള്‍ ഒമ്പതാം വളവിന് മുകളിൽ ചുരം വ്യൂ പോയിന്റില്‍ അനധികൃതമായി നിര്‍ത്തിയിടുന്നതും പതിവുകാഴ്ചയാണ്. വയനാട്ടിലെ ചില ക്വാറികൾ നിർത്തിയതോടെ മറ്റു ജില്ലകളിൽ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി വരുന്ന ടിപ്പര്‍ ലോറികളുടെ എണ്ണവും ഇപ്പോൾ വളരെ കൂടുതലാണ്. ചുരം ബദല്‍പാത വർഷങ്ങളായി കേൾക്കുന്ന മുറവിളിയാണെങ്കിലും ചുരത്തിനപ്പുറത്തേക്ക് ആരു കാര്യമായി ഗൗനിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

