പൊഴുതനയിലെ പച്ചത്തുരുത്ത് ഇനി ഹരിതോദ്യാനം
text_fieldsപൊഴുതനയില്‍ ബയോപാര്ക്കിനായി
ഒരുങ്ങുന്ന പച്ചതുരുത്ത്
കൽപറ്റ: പൊഴുതനയിലെ പച്ചത്തുരുത്ത് ഇനി ഹരിതോദ്യാനം. അച്ചൂരിലെ ഒരേക്കര്‍ സ്ഥലത്തുളള പച്ചത്തുരുത്തിനെയാണ് സഞ്ചാരികള്‍ക്കായി ഹരിതോദ്യാനമാക്കി മാറ്റുന്നത്. പൊഴുതന ഗ്രാമപഞ്ചായത്ത്, ഹരിത കേരള മിഷന്‍ എന്നിവര്‍ കൈകോര്‍ത്താണ് പച്ചത്തുരുത്തിനെ ജൈവപാര്‍ക്കാക്കി മാറ്റുന്നത്.
സമീപത്തുള്ള നീരുറവയും കുളവും നവീകരിച്ച് മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും പാലങ്ങളും നിർമിക്കും. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ടോയ്‌ലറ്റ് സൗകര്യം നേരത്തെ ഒരുക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി സഹായത്തോടെയാണ് നവീകരണ പ്രവൃത്തികള്‍ നടത്തുക.
വിവിധ തരത്തിലുളള 250 ഫലവൃക്ഷ തൈകളാണ് ഇവിടെ വളരുന്നത്. 2019 വരെ പഞ്ചായത്തിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു. ഇതിലൂടെ ഒഴുകുന്ന തോട് വഴി അച്ചൂര്‍ പുഴയിലേക്കും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് പതിവായിരുന്നു. മാലിന്യ പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശം ശുചീകരിച്ച് പച്ചത്തുരുത്താക്കിയത്.
ബാണാസുര സാഗര്‍ ഡാം, പൂക്കോട് തടാകം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡിന്റെ സമീപത്താണ് പൊഴുതന പച്ചത്തുരുത്ത്. ദിനംപ്രതി നൂറ് കണക്കിന് സഞ്ചാരികള്‍ ഇതുവഴി കടന്ന് പോകുന്നു. ഇവരെയെല്ലാം ആകര്‍ഷിക്കുന്ന വിധത്തിലാണ് ജൈവ പാര്‍ക്കിന്റെ നിര്‍മാണം. സഞ്ചാരികള്‍ക്ക് ഇടത്താവളമായി വിശ്രമിക്കാനും ഈ പാര്‍ക്ക് ഉപകരിക്കും.
പച്ചത്തുരുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ പഞ്ചായത്ത്തല യോഗം ചേര്‍ന്നു. പച്ചത്തുരുത്ത് തുടര്‍ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രത്യേകം സമിതി രൂപവത്കരിച്ചു. പദ്ധതിയുടെ ഏകോപനം ഹരിതകേരള മിഷന്‍ നടത്തും.
വിശദമായ പദ്ധതി തയാറാക്കിയാണ് പച്ചത്തുരുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു, സെക്രട്ടറി എം.ആര്‍. ഹേമലത, ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ എന്‍.സി. പ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി സ്ഥിരംസമിതി ചെയര്‍പേഴ്സൻ ഷാഹിന ഷംസുദ്ദീന്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ സുധ അനില്‍, നവകേരളം കർമ പദ്ധതി റിസോഴ്സ് പേഴ്സൻ മൃദുല ദാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

