ദേഹോപദ്രവം: വയോധികൻ വൃദ്ധസദനത്തിലേക്ക് മാറും; മകൻ ചെലവിന് നൽകും
text_fieldsകൽപറ്റ: സ്ഥിരമായി മകന്റെ ദേഹോപദ്രവം ഏൽക്കുന്ന പിതാവ് വൃദ്ധസദനത്തിലേക്ക് മാറി താമസിക്കാൻ സന്നദ്ധനാണെന്നും ചെലവ് വഹിക്കാൻ മകൻ തയാറാണെന്നും മാനന്തവാടി സബ്കലക്ടർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
സുൽത്താൻ ബത്തേരി ബീനാച്ചി സ്വദേശി സമർപ്പിച്ച പരാതിയാണ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇടപെട്ട് പരിഹരിച്ചത്. പരാതിക്കാരന്റെ മകൻ വിദേശത്താണ്. മകൻ താഴത്തെ നിലയിലും അച്ഛൻ മുകളിലത്തെ നിലയിലുമാണ് താമസം. നാട്ടിൽ വരുമ്പോഴെല്ലാം മകൻ തന്നെ ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്ന് അച്ഛൻ കമീഷനെ അറിയിച്ചു.
ഇതുസംബന്ധിച്ച് നിരവധി കേസുകൾ പൊലീസിലുണ്ട്. തന്റെ മകളുടെ ഭർത്താവ് മകന്റെ പക്ഷത്താണെന്നും പരാതിയിൽ പറയുന്നു. വീടിന്റെ ഗേറ്റ് മകൻ താഴിട്ട് പൂട്ടിയതിനാൽ മതിൽ ചാടിക്കടന്നാണ് പുറത്തേക്ക് പോകാറുള്ളത്. തന്റെ പേരിലുള്ള 16 സെന്റ് സ്ഥലം വിറ്റുകിട്ടിയ പണം കൊണ്ട് നിർമിച്ച വീട്ടിലാണ് മകൻ താമസിക്കുന്നത്. തന്റെ മുഴുവൻ സ്ഥലവും വിറ്റ് പണം നൽകണമെന്നാണ് മകന്റെ ആവശ്യമെന്നും പരാതിയിൽ പറയുന്നു.
മാനന്തവാടി ആർ.ഡി.ഒ, ബത്തേരി പൊലീസ് ഇൻസ്പെക്ടർ എന്നിവരിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. മകന്റെ പേരിലാണ് വീടെന്ന് പൊലീസ് അറിയിച്ചു. മകൻ എല്ലാമാസവും അച്ഛന് ചെലവിന് നൽകുന്നുണ്ട്. പരാതിക്കാരനും മകനും തമ്മിൽ നിരന്തരം പരാതിയും കേസുകളുമാണ്. തുടർന്ന് മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം മാനന്തവാടി സബ്കലക്ടർ മുമ്പാകെ റിപ്പോർട്ട് നൽകിയിട്ടുള്ളതായും പൊലീസ് അറിയിച്ചു.
പരാതിക്കാരൻ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി കോടതിയുടെ പരിഗണനയിലാണെന്ന് സബ് കലക്ടർ കമീഷനെ അറിയിച്ചു. ഇപ്പോൾ പരാതിക്കാരനും മകനും ധാരണയിലെത്തിയിട്ടുണ്ട്. പരാതിക്കാരൻ വൃദ്ധസദനത്തിലേക്ക് പോകാൻ തയാറാണ്. മകൻ ചെലവു വഹിക്കാനും. മുതിർന്ന പൗരന്മാരുടെ സംരക്ഷണ ചുമതലയുള്ള മെയിന്റനൻസ് ട്രൈബ്യൂണൽ ചെയർമാനായ സബ്കലക്ടർ ഇക്കാര്യം കമീഷനെ അറിയിച്ചു. തുടർന്ന് കമീഷൻ കേസ് തീർപ്പാക്കി.