നിപ: ജാഗ്രത പുലർത്താൻ വയനാടിനോട് നിർദേശം
text_fieldsകൽപറ്റ: നിപ ബാധക്ക് സാധ്യതയുള്ള സീസണായതിനാൽ ജില്ലയിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ് അറിയിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസിനെതിരെയുള്ള ആൻറിബോഡികൾ മുമ്പേ കണ്ടെത്തിയതാണ്. ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നിപ പരിവീക്ഷണ പ്രവർത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്ന് ഡി.എം.ഒ കൂട്ടിച്ചേർത്തു.
വവ്വാലുകൾ സ്പർശിക്കാൻ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളിൽ കൈയുറ ഉപയോഗിക്കാനും അഥവാ തൊട്ടാൽ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കുക. വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്. ഇത് അവയെ ഭയപ്പെടുത്തുകയും കൂടുതൽ ശരീര സ്രവങ്ങൾ പുറപ്പെടുവിക്കാൻ കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വവ്വാലുകൾ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാർഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടത്.
നിർദേശങ്ങൾ
- പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്തുവീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്
- പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
- തുറന്നു വെച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലുള്ള പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക.
- നിലത്തുവീണ പഴങ്ങൾ, അടക്ക മുതലായവ എടുക്കുമ്പോൾ നിർബന്ധമായും കൈയുറ ഉപയോഗിക്കുക.
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

