ദേശീയ സമ്പാദ്യ പദ്ധതി ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതി -ധനമന്ത്രി
text_fieldsകല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ പ്രദര്‍ശന നഗരിയിലെ സെമിനാര്‍ ധന
മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം
ചെയ്യുന്നു
കൽപറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളില്‍ ഒന്നാണെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ പ്രദര്‍ശന നഗരിയിലെ സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ സമ്പാദ്യ 'പദ്ധതികളും നിക്ഷേപ സമാഹരണ സാധ്യതകളും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
5000 കോടിയോളം രൂപ കേരളത്തിന്‍റെ വിവിധ മേഖലകളില്‍നിന്ന് ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ ഒരു വര്‍ഷം ശേഖരിക്കാനാകുന്നു. ഏജന്‍റുമാര്‍ക്ക് ന്യായമായ കമീഷന്‍, നിക്ഷേപകര്‍ക്ക് സാധാരണ ബാങ്കുകളില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ പലിശയും ആനുകൂല്യങ്ങളും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നികുതിയില്‍ ഇളവു കിട്ടുന്ന പല സ്‌കീമുകളും പദ്ധതിയിലുള്ളത് നികുതിദായകര്‍ക്ക് ആശ്വാസമാണ്. കൊച്ചുകുട്ടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാധാന്യം കൊടുക്കുന്ന സ്‌കീമുകളുണ്ട്. സമ്പാദ്യപദ്ധതിയെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം പൊതുപദ്ധതികളെ ജനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കൽപറ്റ ഡിവിഷൻ അസി. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ് രാകേഷ് രവി സെമിനാറിൽ വിഷയാവതരണം നടത്തി. ധനകാര്യ ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ഡയറക്ടർ എസ്. മനു അധ്യക്ഷത വഹിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ജില്ല ഓഫിസ് അസിസ്റ്റന്‍റ് ഡയറക്ടർ കെ.കെ. റുഖിയ, എം.പി.കെ.ബി.വൈ ഏജന്‍റ് പി.സി. അജിത കുമാരി, ജില്ല ഫിനാൻസ് ഓഫിസർ എ.കെ. ദിനേശൻ, അസി. ജില്ല പോസ്റ്റ്മാസ്റ്റർ വർക്കി തുടങ്ങിയവർ സംസാരിച്ചു.