സ്കൂള്‍ ബസും ഡ്രൈവറും ഫിറ്റാണോ?; പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്
text_fieldsകൽപറ്റ: സ്കൂള്‍ തുറക്കുന്നതിന്ന് മുന്നോടിയായി സ്കൂള്‍ ബസുകളും ഡ്രൈവര്‍മാരും ഫിറ്റാണോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ബസും ഡ്രൈവറും ഫിറ്റാണെങ്കില്‍ മാത്രം ജൂണ്‍ രണ്ടിന് വാഹനം നിരത്തിലിറക്കാം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂള്‍ ബസുകളുടെ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ജില്ലയിലെ സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും ബസുകളുടെയും പരിശോധന മേയ് 28 മുതല്‍ 30 വരെ നടക്കും. റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ 28ന് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസും നല്‍കും. ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.
ലഹരി ഉപയോഗം, റോഡ് സേഫ്റ്റി, കുട്ടികളുടെ സുരക്ഷ, സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍, സ്കൂള്‍ ബസില്‍ ആയമാരുടെ ആവശ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുക്കും.
അശ്രദ്ധമായി സ്കൂള്‍വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വാഹനത്തില്‍ ഒട്ടിച്ച ഡെയ്ഞ്ചറസ് ഡ്രൈവിങ് സ്റ്റിക്കര്‍ ഉപയോഗിച്ച് പരാതി നല്‍കാമെന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതി നല്കാന് എക്സൈസ് വകുപ്പിന്റെ നമ്പര്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ആര്.ടി.ഒ അറിയിച്ചു. സ്കൂള്‍ ബസുകള്‍ക്ക് മണിക്കൂറില്‍ 50 കിലോ മീറ്ററാണ് വേഗ പരിധി.
ബസില്‍ 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ട് പേര്‍ക്ക് വീതം ഇരിക്കാം. 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരാള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ് സീറ്റിങ് ക്രമീകരിക്കുന്നത്. സ്കൂള്‍ വാഹനത്തില്‍ വിദ്യാർഥികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.
അത്തരത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഹെവി സ്കൂള്‍ വാഹനങ്ങള്‍ നിയമ വിരുദ്ധമായി ഓടിച്ചാല്‍ 7500 രൂപയും ഓട്ടോറിക്ഷയില്‍ പരിധിക്ക് പുറമെ കുട്ടികളെ കയറ്റിയാല്‍ 3000 രൂപ പിഴയും പെര്‍മിറ്റും റദ്ദാക്കും. പ്രൈവറ്റ് (നോണ്‍ ട്രാന്‍സ്പോര്‍ട്ട്) വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോയാല്‍ വാഹന ഉടമയുടെ ആര്.സി, വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസന്‍സ് എന്നിവ റദ്ദാക്കും.
വാഹന പരിശോധനയും സ്ലിപ്പ് വിതരണവും 28ന്
മാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ പരിധിയിലെ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും സ്ലിപ് വിതരണവും മേയ് 28ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12വരെ മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളില്‍ നടക്കും.
സ്കൂള്‍ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയുടെ ഭാഗമായി അന്നേ ദിവസം ഉച്ചക്ക് 1.30ന് ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് നല്‍കും.
സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വാഹനത്തിന്റെ രേഖകള്‍, ജി.പി.എസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ പരിശോധനക്ക് എത്തിക്കണം. അല്ലാത്തപക്ഷം സര്‍വിസ് നടത്താന്‍ അനുവദിക്കില്ലെന്ന് മാനന്തവാടി ജോയന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

