കായികമേളയിലെ ആദ്യ സ്വർണം മുഹമ്മദ് ഷഹലിന് സ്വന്തം
text_fieldsകെ.എസ്. മുഹമ്മദ് ഷഹൽ
കൽപറ്റ: റവന്യൂ ജില്ല കായികമേളയിൽ ആദ്യ സ്വർണം നേടി നടവയൽ സെന്‍റ് തോമസ് എച്ച്.എസ്.എസിലെ കെ.എസ്. മുഹമ്മദ് ഷഹൽ. കൈക്കുണ്ടായ പരിക്കിനേയും അതിജീവിച്ചാണ് മുഹമ്മദ് ഷഹൽ ജില്ല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ല സ്കൂൾ കായികമേളയിലെ ആദ്യ സ്വർണവേട്ടക്കാരനായത്.
സബ് ജൂനിയർ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിലാണ് മുഹമ്മദ് ഷഹലിന്റെ വിജയം. 8.88 മീറ്ററാണ് ഷോട്ടപുട്ട് എറിഞ്ഞത്. വൈത്തിരി ഉപജില്ല മത്സരത്തിനുശേഷം ജില്ല മത്സരത്തിനായുള്ള പരിശീലനത്തിനിടെയാണ് ഷഹലിന് പരിക്കേറ്റത്. ഷോട്ട്പുട്ട് വലതു തോളിൽ വീണു .
എങ്കിലും പരിശ്രമത്തിലൂടെ ജില്ല കായികമേളയിൽ വിജയം നേടി. നെല്ലിയമ്പം കൊടിലംപറമ്പിൽ ഷഫീഖിന്റെയും റൈഹാനത്തിന്റെയും മകനാണ് മുഹമ്മദ് ഷഹൽ. സ്കൂളിലെ കായികാധ്യാപകൻ അമലിന്റെ കീഴിലാണ് പരിശീലനം. ശനിയാഴ്ച ഡിസ്കസ് ത്രോ മത്സരത്തിലും മുഹമ്മദ് ഷഹൽ പങ്കെടുക്കുന്നുണ്ട്.
വയനാട് ജില്ല സ്കൂൾ കായികമേള ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുമ്പോൾ അതിലെ ആദ്യ സ്വർണം നേടാനായതിന്‍റെ സന്തോഷത്തിൽ പരിക്കിന്‍റെ വേദനകൾ മറന്ന് അടുത്ത മത്സരത്തിനൊരുങ്ങുകയാണ് മുഹമ്മദ് ഷഹൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

