‘മിഷൻ +1’; പ്ലസ് വൺ അഡ്മിഷൻ ജില്ലയിൽ വിപുല പദ്ധതി
text_fieldsകൽപറ്റ: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഏകജാലക പ്രവേശനത്തിന് ജില്ലയിൽ വിപുലമായ പദ്ധതി. വിദ്യാർഥികൾക്ക് സഹായമൊരുക്കുക, ജില്ലയിൽ പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ ഓൺലൈൻ രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ വിദ്യാർഥികളുടെ സമ്പൂർണ പ്രവേശനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് 'മിഷൻ +1' എന്ന പേരിൽ പദ്ധതി സംഘടിപ്പിക്കും.
ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. നാഷനൽ സർവിസ് സ്കീം, പട്ടിക വർഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി സമ്പൂർണ ഓൺലൈൻ അപേക്ഷ സമർപ്പണമാണ് ലക്ഷ്യമിടുന്നത്.
'മിഷൻ +1'ന്റെ നേതൃത്വത്തിൽ പട്ടികവർഗ മേഖലയിലെ വളണ്ടിയർമാർ, അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ, അധ്യാപകർ എന്നിവർക്കുള്ള പരിശീലനം പൂർത്തീകരിച്ചു. 'മിഷൻ +1' പ്രവർത്തനങ്ങൾ ഏകോപിക്കാൻ ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗം പ്രത്യേകം ചേരുകയും വിലയിരുത്തുകയും ചെയ്തു.
പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷ സമർപ്പണത്തിനും സംശയ നിവാരണത്തിനും ഹയർസെക്കൻഡറി വിദ്യാലയങ്ങളിലെ ഫോക്കസ് പോയന്റുകളെ സമീപിക്കുക. തെറ്റായ അപേക്ഷ സമർപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തിരക്ക് കൂട്ടാതെ സമയമെടുത്ത് കാര്യങ്ങൾ മനസ്സിലാക്കി അപേക്ഷ നൽകാൻ ശ്രമിക്കുക.
ഹയർസെക്കൻഡറിക്ക് 11,360 സീറ്റുകൾ
ജില്ലയിൽ 61 ഹയർസെക്കൻഡറി വിദ്യാലയങ്ങളിലായി 175 ബാച്ചുകളാണ് നിലവിലുള്ളത്. 33 സർക്കാർ വിദ്യാലയങ്ങളും 19 എയ്ഡഡ് വിദ്യാലയങ്ങളും അഞ്ച് അൺ എയ്ഡഡ് വിദ്യാലയങ്ങളും മൂന്ന് റെസിഡൻഷ്യൽ വിദ്യാലയങ്ങളും ഒരു സ്പെഷൽ വിദ്യാലയവുമാണ് ജില്ലയിലുള്ളത്. സയൻസിൽ 4710, ഹ്യൂമാനിറ്റീസ് ബാച്ചുകളിൽ 3400, കോമേഴ്സ് ബാച്ചിൽ 3250 സീറ്റുകൾ ഉൾപ്പെടെ 11,360 സീറ്റുകളാണ് ഉള്ളത്.
വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 10 വിദ്യാലയങ്ങളിലായി 28 ബാച്ചുകളും 840 സീറ്റുകളും നിലവിലുണ്ട്. മൂന്ന് ഐ.ടി.ഐകളിൽ 11 ട്രേഡുകളിലായി 536 സീറ്റുകളുണ്ട്. മൂന്ന് പോളിടെക്നിക് കോളജുകളിൽ 10 പ്രോഗ്രാമുകളിലായി 660 സീറ്റുകൾ നിലവിലുണ്ട്. ജില്ലയിൽ 11,592 കുട്ടികളാണ് പത്താം തരം പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

