പേരിൽ മാത്രം മെഡിക്കൽ കോളജ് !
text_fieldsകൽപറ്റ: മറ്റൊരു ഗവ. മെഡിക്കൽ കോളജിലേക്ക് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ റഫർ ചെയ്യാനുള്ള മെഡിക്കൽ കോളജായി വയനാട് മെഡിക്കൽ കോളജ് മാറുകയാണെന്ന ആക്ഷേപം വ്യാപകം. കാട്ടാനയുടെ ആക്രമണത്തിൽ വെള്ളിയാഴ്ച മരണപ്പെട്ട പോളിന് ആവശ്യമായ ചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിലും വയനാട് മെഡിക്കൽ കോളജിൽ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പരാതി. കൂടാതെ ചികിത്സ വൈകിപ്പിച്ചെന്ന ആരോപണവും പോളിന്റെ മകളടക്കം ഉന്നയിച്ചിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ പോളിനെ ഇവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു.
മാനന്തവാടിയിലെ ജില്ല ആശുപത്രി 2021ൽ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ഗവ. മെഡിക്കൽ കോളജായി ഉയർത്തി ബോർഡ് സ്ഥാപിച്ചതല്ലാതെ ചികിത്സ സൗകര്യങ്ങളുടെ കാര്യത്തിൽ മൂന്നു വർഷമായിട്ടും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് നിരന്തരമായി മെഡിക്കൽ കോളജിനെതിരെ ഉയരുന്ന ആരോപണങ്ങൾ സൂചിപ്പിക്കുന്നത്.
മെഡിക്കൽ കോളജായി ഉയർത്തിയതുകാരണം ജില്ല പഞ്ചായത്ത് വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന മൂന്നു കോടിയോളം രൂപയും ഇപ്പോൾ ലഭിക്കുന്നില്ല.
മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യമൊരുക്കാൻ ഇനിയും വൈകിയാൽ വന്യജീവി ആക്രമണങ്ങളിലും മറ്റ് അപകടങ്ങളിലുമായി ഗുരുതരമായി പരിക്കേൽക്കുന്നവരുമായി ആംബുലൻസുകൾ ചുരമിറങ്ങേണ്ടിവരും.
എന്നു തീരും വയനാടിന്റെ ദുരിതം?
കൽപറ്റ: ഗതാഗതക്കുരുക്കൊഴിയാത്ത വയനാട് ചുരം താണ്ടി ദിനേന ആംബുലൻസുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പായേണ്ടിവരുന്നത് പതിറ്റാണ്ടുകളായി വയനാടൻ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതങ്ങളിലൊന്നാണ്. ആരോഗ്യ രംഗത്തെ വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള മുറവിളികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിവരുന്ന സർക്കാറുകൾ ഇതിന് പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനം നൽകുകയല്ലാതെ നടപടികളുണ്ടാവാറില്ല.
ജില്ല ആശുപത്രി വയനാട് മെഡിക്കൽ കോളജായി ഉയർത്തിയതോടെ ജില്ലയിലെ ആരോഗ്യ രംഗത്തിന് ശാശ്വത പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു വയനാട്ടുകാർ. എന്നാൽ, പ്രതീക്ഷകളെല്ലാം തകിടം മറിച്ച് ഇപ്പോഴും അപകടാവസ്ഥയിലുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകേണ്ട ദുരവസ്ഥയാണ് വയനാട്ടുകാർക്ക്.
അപകടങ്ങളും മറ്റ് അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ അത്യാസന്ന നിലയിലുള്ള രോഗികളുമായി ചുരമിറങ്ങുന്ന ആംബുലൻസുകളുടെ പാച്ചിലിന് പതിയെയെങ്കിലും അറുതിവരുമെന്ന വലിയ പ്രതീക്ഷയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രി പ്രഖ്യാപനത്തെ ജില്ല വരവേറ്റത്.
എന്നാൽ, ഉദ്ഘാടനം കഴിഞ്ഞിട്ടും ആവശ്യത്തിന് കെട്ടിടങ്ങളോ ഡോക്ടർമാരോ മറ്റ് ജീവനക്കാരോ ഇവിടെയില്ല. മെഡിക്കൽ കോളജിനു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിൽ തുടർനടപടികൾ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ മെഡിക്കൽ കോളജിന് കെട്ടിടങ്ങൾ നിർമിക്കുന്നതിന് 65 ഏക്കർ സ്ഥലം ആരോഗ്യ വകുപ്പിനു കൈമാറി. എന്നാൽ, തറക്കല്ലിടാൻ പോലും കഴിഞ്ഞിട്ടില്ല.
വയനാടിനു പുറമേ കർണാടകയിലെ കുട്ട, ബൈരക്കുപ്പ പ്രദേശങ്ങളിലുള്ളവരും കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലുള്ളവരും ചികിത്സ തേടി എത്തിയിരുന്നത് മാനന്തവാടി ജില്ല ആശുപത്രിയിലാണ്. മെഡിക്കൽ കോളജായി ഉയർത്തിയതോടെ രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

