മീഡിയവൺ വിലക്ക്: കൽപറ്റയിൽ പ്രതിഷേധ സംഗമം
text_fieldsമീഡിയവൺ നിരോധന നീക്കത്തിനെതിരെ വയനാട് പൗരസമിതി കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ പത്രമാരണ നിയമം കൊണ്ടുവന്ന ബ്രിട്ടീഷ് അധിനിവേശ സർക്കാറിന്റെ ജനവിരുദ്ധ നടപടിയെ ഓർമപ്പെടുത്തുന്നതാണ് മീഡിയവണിനെ നിശ്ശബ്ദമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. മീഡിയവൺ നിരോധന നീക്കത്തിനെതിരെ വയനാട് പൗരസമിതി കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനാധിപത്യത്തിന്റെ എല്ലാ അംശങ്ങളെയും തകർക്കാനും ഭീഷണിപ്പെടുത്താനും സ്വീകരിച്ചിരിക്കുന്ന നടപടികൾക്കെതിരെ രാജ്യത്ത് പ്രതിരോധം ഉയർന്നുവരും. ഈ തിട്ടൂരങ്ങൾക്കെതിരായ ജനാധിപത്യ പ്രതിരോധം എല്ലാ തലത്തിലും ശക്തമാവും. അതിന്റെ ഭാഗമാണ് ഈ പ്രതിഷേധ സംഗമം. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
മാധ്യമം-മീഡിയവൺ ബ്രോഡ്കാസ്റ്റിങ് ജില്ല ചെയർമാൻ ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. മീഡിയവണിനെതിരെയുള്ള നടപടി ഒറ്റപ്പെട്ടതല്ലെന്നും നരേന്ദ്ര മോദി ഭരണത്തിൽ തുടർന്നുവരുന്ന ഫാഷിസ്റ്റ് നയങ്ങളുടെ തുടർച്ചയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, ലീഗ് കൽപറ്റ മണ്ഡലം പ്രസിഡന്റ് റസാഖ് കൽപറ്റ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് വി. മുഹമ്മദ് ശരീഫ്, ഐ.എൻ.എൽ ജില്ല സെക്രട്ടറി മുഹമ്മദ് പഞ്ചാര, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ പി. ഹൈദ്രു, വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ല സെക്രട്ടറി തോമസ് അമ്പലവയൽ, ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു എന്നിവർ സംസാരിച്ചു. കെ. അബ്ദുൽ ജലീൽ സ്വാഗതവും ബിനു വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

